സുമതി വളവിലെ സുമതിയെ തേടി
text_fieldsകൃഷ്ണ എഴക്കാട്
കൃഷ്ണ എഴക്കാട്
പ്രിയപ്പെട്ടവരെ ഞാൻ കൃഷ്ണ എഴക്കാട്, പാലക്കാടാണ് എന്റെ സ്വദേശം. അധ്യാപികയായ ഞാൻ അവധിക്കാലം ആഘോഷിക്കാൻ ബഹ്റൈനിലെത്തിയതാണ്. എന്റെ മൂത്തമകൾ പഞ്ചമിയും മരുമകൻ ദിലീപും ഇവിടെയാണ് ജോലി ചെയ്യുന്നത്. ബഹ്റൈനിലെ കാഴ്ചകളിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതും മറക്കാനാവാത്ത അനുഭവം നൽകിയതും സുമതി വളവിലേക്കുള്ള യാത്രയായിരുന്നു. കേരളത്തിൽ തിരുവനന്തപുരത്ത് മൈലമൂടാണ് സുമതിയുമായി ബന്ധപ്പെട്ട കഥ കിടക്കുന്നത്. സുമതി എന്ന ഗർഭിണി കാമുകനാൽ കൊല്ലപ്പെടുന്നു, അവളുടെ പ്രേതം അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് പറയപ്പെടാറ്. അതും ബഹ്റൈനിലെ സുമതി വളവും തമ്മിൽ എന്തു ബന്ധം? അതായിരുന്നു എന്റെ ആകാംക്ഷ.
കോൺക്രീറ്റ് സൗധങ്ങൾക്കും വ്യവസായ മേഖലക്കും ദൂരെ കർസാക്കൻ ഗ്രാമം. പൂഴി മണൽപ്പരപ്പിൽ മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശം. മൺവഴികൾ, ദീർഘദൂരം നീണ്ട വഴിത്താരകൾക്ക് തണലേകി വലിയ മരക്കൂട്ടങ്ങൾ, അതിനുമപ്പുറം ഈന്തപ്പന ഓലകൊണ്ട് മേഞ്ഞ വീടുകളും വേലികളും. സഞ്ചാരികൾ ഏറെയും മലയാളികൾ, സ്വതഃസിദ്ധമായ കഥ ഇവിടെയും ഉണ്ടാക്കി എന്നു മാത്രം. ഒരു പ്രേതകഥക്കുള്ള എല്ലാ സ്കോപ്പും ഉണ്ടല്ലോ? പിന്നെങ്ങനെ കഥ മെനയാതിരിക്കും? പണ്ട് ഉൾപ്രദേശത്തെ കൊള്ളക്കാർക്ക് സഹായകമായ പ്രദേശമാണ് എന്ന് പറയപ്പെടുന്നു. ശരിക്കും കേരളീയമായ ഒരു ഗ്രാമംപോലെ. നമ്മുടെ കൊല്ലംകോട് ഗ്രാമം ടൂറിസം കേന്ദ്രമായത് പോലെ ഇവിടെയും കുതിരവണ്ടിയുണ്ട്. അടുത്തുതന്നെ അഴുക്ക് ജലം നിറഞ്ഞ ഒരു കനാലും ഒഴുകുന്നു. ചെറിയ മീനുകൾ ഓടിക്കളിക്കുന്ന ജലാശയം ആകെ കുളിരണിയിച്ച് ഒഴുകുന്നുണ്ട്. മെല്ലെ ഇറങ്ങി നടന്നാൽ മത്സ്യങ്ങൾ കാലിൽ ഇക്കിളി കൂട്ടും, ദൂരെ കുട്ടികൾ വെള്ളത്തിൽ നീന്തി കളിക്കുന്നത് കാണാം, വലയിട്ട് മീൻ പിടിക്കുന്നുണ്ട്. അകലെ രണ്ട് ഒട്ടക കുട്ടികൾ ഓടിക്കളിക്കുന്നതും വേറൊരു മുതിർന്ന ഒട്ടകം സീനിയർ കളിക്കുന്ന പോലെ തോന്നിപ്പിച്ചതും ഉടമസ്ഥനെ തെല്ലും കൂസാതെ ഓടുന്നും ഒരു കൗതുക കാഴ്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

