ലോക കേരളസഭ മാമാങ്കം; കെ.എം.സി.സി ബഹ്റൈൻ ബഹിഷ്കരിക്കും
text_fieldsമനാമ: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുകയും അതിലൂടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്ന നാടകമാണ് ലോക കേരളസഭ ലക്ഷ്യം വെക്കുന്നതെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി പ്രവാസി വിഷയങ്ങൾ പരിഹരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചു നടത്തുന്ന ഈ മാമാങ്കംകൊണ്ട് സാധിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ സർക്കാറിന്റെ ഒരു ധൂർത്തായി മാത്രമേ ഇതിനെ കാണാൻ പറ്റുകയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു. ഈ പ്രഹസനത്തിന് കെ.എം.സി.സി കൂട്ടുനിൽക്കില്ലെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ കൂട്ടിച്ചേർത്തു.
ഇടതു മന്ത്രിസഭ വന്നതിനു ശേഷം പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത പദ്ധതികൾ പോലും നടപ്പിലാക്കാത്ത ഒരു സർക്കാറാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതിനുവേണ്ടിമാത്രം ഖജനാവിലെ പൈസയെടുത്ത് ഇതുപോലെയുള്ള പരിപാടികൾ നടത്തുന്നത്. ഇതു രാഷ്ട്രീയ തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മുസ്ലിം ലീഗും യു.ഡി.എഫും നേതൃത്വവും ഇതു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് കൊണ്ടുതന്നെ പ്രവാസ ഭൂമിയിൽ കെ.എം.സി.സിയും ലോക കേരള സഭയിൽനിന്ന് വിട്ടു നിൽക്കുകയാണ്. ഓരോ ലോക കേരള സഭ നടക്കുമ്പോഴും സംഘാടനത്തിന്റെ നിരർത്ഥകതയും ധൂർത്തും നിരാശയും ഒക്കെ പങ്ക് വെച്ച് കാണാറുണ്ട്.. എന്നാലും അടുത്ത തവണ അതിനേക്കാൾ കേമമായി വീണ്ടും അത് നടക്കും .
പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കപ്പെടേണ്ടുന്ന പണം കൊണ്ട് പ്രതിസന്ധിയുടെ പോർമുഖത്ത് കോടികൾ മുടക്കി ആർക്ക് വേണ്ടിയാണീ ദൂർത്ത് എന്ന സാധാരണ പ്രവാസിയുടെ ചോദ്യത്തിന് പുല്ലുവിലയാണ്...എങ്കിലും ആ ചോദ്യം പ്രസക്തമാണ് ശരാശരി പ്രവാസിയുടെ നോവും നൊമ്പരങ്ങളും വ്യഥയും വേപഥുകളും അറിയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസ സംഘ ശക്തികൾ ഇത് വരെ എന്ത് ഗുണം കിട്ടി എന്ന് പരിശോധിക്കണം.. നിരാശയാണ് ഫലമെങ്കിൽ ഈ അനാവശ്യം വേണ്ടെന്ന് തീരുമാനിക്കണമെന്ന് നേതാക്കൾ പറഞ്ഞു.
പ്രവാസികൾ എന്നും ഈ നാടിന്റെ സമ്പത്താണ്. ഈ നാടിനെ പട്ടിണിക്കിടാതെ നോക്കുന്നത് അവരാണ്. അതുകൊണ്ട് അവർ ഏറ്റവും മഹത്തായ രീതിയില്‍ ആദരിക്കപ്പെടണമെന്നത് നിസ്തർക്കമാണ് . എന്നാല്‍, എതിര്‍സ്വരങ്ങളെ കാരാഗ്രൃഹം കാണിച്ച് നിശബ്ദമാക്കാന്‍ നോക്കുന്ന അധികാരധാര്‍ഷ്ട്യവും പ്രവാസികളുടെ പേര് പറഞ്ഞ് നടത്തുന്ന അഴിമതിയും ധൂർത്തും എതിര്‍ക്കപ്പെടേണ്ടതല്ലേ? കഴിഞ്ഞ കാലങ്ങളിലെ ലോക കേരളസഭകളുടെ തീരുമാനങ്ങൾ നടപ്പിലാക്കുകയോ അവയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുകയോ പോലും ചെയ്യാതെയാണ് വീണ്ടുമൊരു ലോക കേരള സഭ അരങ്ങേരുന്നത് പ്രളയകാലത്ത് മറ്റാരെക്കാളും മുന്നിൽ നിന്ന് നാടിനെ സഹായിച്ച പ്രവാസികളുടെ പണം സർക്കാർ എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന ചോദ്യത്തിനുപോലും ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
കഴിഞ്ഞ കാലങ്ങളിലെ ഓരോ ലോകകേരളസഭയിലും ഉന്നയിക്കപ്പെട്ട ഏറ്റവും ലളിതമായ പ്രവാസിപ്രശ്നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ല എന്ന് പറയുമ്പോള്‍ എത്ര വ്യർഥമായാണ് തീരുമാനങ്ങളുടെ അവലോകനം സര്‍ക്കാര്‍ നടത്തിയിട്ടുള്ളത് എന്ന് കാണാം. വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ, തിരിച്ചു വരുന്നവരുടെ പുനരധിവാസം, തൊഴിൽ സഹായം, കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം, പ്രവാസി ഇൻഷുറൻസ് എന്നിങ്ങനെ പ്രവാസികളുടെ ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് ഒരു ചെറിയ പരിഹാരമെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ? കേരള വികസന നിധി, പ്രവാസി വാണിജ്യ ചേംബർ, എൻ.ആർ.ഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, കൺസ്ട്രക്ഷൻ കമ്പനി, സഹകരണ സംഘം. സിയാൽ മാതൃകയിലുള്ള സംയുക്ത സംരംഭം, തുടങ്ങി ഇതൊക്കെ എന്തായി? എന്തിന് വിശേഷദിവസങ്ങളില്‍ വിമാനയാത്രാക്കൂലി അമിതമായി കൂട്ടുന്നത് തടയണമെന്ന അവരുടെ ഏറ്റവും നിസ്സാരമായ ആവശ്യമെങ്കിലും നടപ്പിലായോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

