ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിലേക്ക് ഒഴുകി സ്വദേശികളും പ്രവാസികളും
text_fieldsബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിൽനിന്നുള്ള ദൃശ്യങ്ങൾ
മനാമ: ബഹ്റൈനിലെ പ്രാദേശിക കർഷകർക്ക് കൈത്താങ്ങാകാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ വിപണിയിലേക്ക് ഒഴുകുകയാണ് സ്വദേശികളും പ്രവാസികളും. സ്വദേശികളായ കർഷകരുടെ വെറുമൊരു പച്ചക്കറി വിപണി എന്നതിലുപരി, സന്ദർശകർക്ക് ബഹ്റൈന്റെ തനിമയും സംസ്കാരവും ആസ്വദിക്കാനുള്ള ഒരു വേദി കൂടിയാണിത്. തോട്ടങ്ങളിൽനിന്ന് നേരിട്ടെത്തിക്കുന്ന പച്ചക്കറികളും പഴങ്ങളും ബഹ്റൈന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വസ്തുക്കളും വീടുകളിൽ തയാറാക്കിയ രുചികരമായ ഭക്ഷണപദാർഥങ്ങളും പലഹാരങ്ങളുമൊക്കെയായി വേറിട്ട അനുഭവമാകും ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് സന്ദർശകർക്ക് സമ്മാനിക്കുക. എല്ലാ ശനിയാഴ്ചയും രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് ഫാർമേഴ്സ് മാർക്കറ്റ് തുറന്നു പ്രവർത്തിക്കുക. മാർച്ച് മാസം വരെ വിപണി തുടരും. പ്രാദേശിക കർഷകരുമായും കരകൗശല വിദഗ്ധരുമായും നേരിട്ട് സംവദിക്കാനുള്ള അവസരം വിപണിയെ വ്യത്യസ്തമാക്കുന്നു. ഉത്തരവാദിത്ത ഉപഭോഗത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് വിപണി. ബഹ്റൈനിലെ താമസക്കാർക്ക് പുറമെ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അയൽ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും വാരാന്ത്യങ്ങളിൽ ഇവിടേക്ക് ഒഴുകിയെത്തുന്നത് വിപണിയുടെ ജനപ്രീതിക്ക് തെളിവാണ്.
പവിഴ ദ്വീപിലെ മണ്ണും കഠിനാധ്വാനികളായ കർഷകരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ അടയാളമാണ് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റെന്ന് വിലയിരുത്തപ്പെടുന്നു. ബഹ്റൈന്റെ കാർഷിക പൈതൃകം അടുത്തറിയാനും ശുദ്ധമായ ഉൽപന്നങ്ങൾ സ്വന്തമാക്കാനും വിപണയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

