തദ്ദേശ തെരഞ്ഞെടുപ്പ്; ഐ.വൈ.സി.സി ത്രിദിന പ്രചാരണ പരിപാടി ഇന്നുമുതൽ
text_fieldsമനാമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പിന്തുണ ഉറപ്പാക്കാനായി ഐ.വൈ.സി.സി ബഹ്റൈൻ ത്രിദിന പ്രചാരണ കാമ്പയിൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ഡിസംബർ എട്ട് വരെയാണ് ഈ പ്രത്യേക കാമ്പയിൻ നടക്കുക.
പ്രവാസലോകത്തുനിന്ന് നാട്ടിലെ സ്ഥാനാർഥികൾക്ക് ഓൺലൈൻ പിന്തുണ നൽകുക, വോട്ടർമാരെ വിവരങ്ങൾ അറിയിക്കുകയും വോട്ട് അഭ്യർഥന നടത്തുകയും ചെയ്യുന്നതിനായി ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, നാട്ടിലുള്ള സംഘടനപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യു.ഡി.എഫിന് പിന്തുണ നൽകുക, എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. കാമ്പയിന്റെ ഭാഗമായി മീറ്റിങ്ങുകൾ, ഫോൺ കാളുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ബഹ്റൈനിലെ കോൺഗ്രസ് യുവജനത ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ജനവിരുദ്ധ കേരള സർക്കാറിനുള്ള ജനങ്ങളുടെ മറുപടിയാവും ഈ തെരഞ്ഞെടുപ്പെന്നും അവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഐക്യമുന്നണി സ്ഥാനാർഥികൾക്ക് പിന്തുണ നൽകാൻ ഐ.വൈ.സി.സിയുടെ പല പ്രവർത്തകരും ഭാരവാഹികളും നാട്ടിൽ പോകുന്നുണ്ടെന്ന വിവരവും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

