ബഹ്റൈനിൽ പരിശോധന ശക്തമാക്കി എൽ.എം.ആർ.എ
text_fieldsമനാമ: ബഹ്റൈനിലെ തൊഴിൽ വിപണിയിലെ സുരക്ഷിതത്വവും നിയമസാധുതയും ഉറപ്പുവരുത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധനകൾ കർശനമാക്കി.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 530 ഇൻസ്പെക്ഷൻ കാമ്പയിനുകളും സന്ദർശനങ്ങളുമാണ് അതോറിറ്റി നടത്തിയത്. പരിശോധനകളിൽ പിടിയിലായ ഒമ്പത് പേരെ തടങ്കലിലാക്കുകയും നിയമലംഘനം കണ്ടെത്തിയ 97 പേരെ നാടുകടത്തുകയും ചെയ്തു.
വിവിധ ഗവർണറേറ്റുകളിലെ കടകളിലും സ്ഥാപനങ്ങളിലുമായി 509 സന്ദർശനങ്ങളാണ് ഉദ്യോഗസ്ഥർ നടത്തിയത്. കൂടാതെ, ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 21 സംയുക്ത പരിശോധനകളും നടത്തി.
റെസിഡൻസി നിയമങ്ങളുടെയും എൽ.എം.ആർ.എ നിയമങ്ങളുടെയും ലംഘനം നടത്തിയവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പരിശോധനകൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
നിയമവിരുദ്ധമായ തൊഴിൽ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതോറിറ്റിയെ വിവരമറിയിക്കാം. www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന കാൾ സെന്റർ നമ്പറിലോ വിവരങ്ങൾ കൈമാറാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

