ഗാർഹിക തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് നടപടികൾ ലഘൂകരിച്ച് എൽ.എം.ആർ.എ; സേവനങ്ങൾ ഇനി വേഗത്തിൽ
text_fieldsമനാമ: തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തിൽ ഗാർഹിക തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സ്റ്റാറ്റസ് തിരുത്തുന്നതിനുള്ള സേവനം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) കൂടുതൽ കാര്യക്ഷമമാക്കി. പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ മറ്റൊരു തൊഴിലുടമയുടെ കീഴിൽ പുതിയ വർക്ക് പെർമിറ്റ് നേടാനോ അല്ലെങ്കിൽ നിലവിലുള്ള പെർമിറ്റ് റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനോ ഉള്ള സൗകര്യം തൊഴിലാളികൾക്ക് ലഭിക്കും. തൊഴിൽ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതിന്റെയും ഭാഗമായാണിത്.
ഈ സേവനത്തിന്റെ നടപടിക്രമങ്ങൾക്കായി മുൻപ് പത്ത് പ്രവൃത്തിദിവസങ്ങൾ എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ആവശ്യമുള്ള രേഖകളുടെ എണ്ണം 50 ശതമാനവും, ലഭിക്കേണ്ട അനുമതികളുടെ എണ്ണം 25 ശതമാനവും കുറച്ചാണ് സേവനം ലളിതമാക്കിയത്. എല്ലാ ഔദ്യോഗിക ചാനലുകളിലും ഒരേ വിവരങ്ങൾ ലഭ്യമാക്കിയതോടെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തതയും വേഗതയും കൈവരിക്കാൻ കഴിഞ്ഞുവെന്ന് എൽ.എം.ആർ.എ അറിയിച്ചു.
നൂതന ഡിജിറ്റൽ പരിഹാരങ്ങളിലൂടെ ഗുണഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത് എന്ന് എൽ.എം.ആർ.എ സർവീസസ് ആൻഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് ഇബ്രാഹിം അൽ അരാദി വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 800 സേവനങ്ങൾ ഇതിനകം പുനഃക്രമീകരിച്ചിട്ടുണ്ട്. 'തവാസുൽ' സംവിധാനം വഴിയും നിക്ഷേപകരുടെ അഭിപ്രായങ്ങളും രഹസ്യ പരിശോധനാ റിപ്പോർട്ടുകളും പരിഗണിച്ചാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

