ഒരാഴ്ചക്കിടെ 98 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: നിയമ ലംഘനത്തെതുടർന്ന് പിടിയിലായ 98 പ്രവാസികളെ നാടുകടത്തി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). കൂടാതെ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെയുള്ള ഒരാഴ്ചക്കാലയളവിൽ നടന്ന വ്യാപകമായ പരിശോധനകളുടെ ഫലമായി 21 നിയമലംഘകരും അനധികൃതരുമായ തൊഴിലാളികളെ അധികൃതർ കസ്റ്റഡിയിലെടുത്തു.
ഈ ഒരാഴ്ചക്കിടെ ആകെ 1805 സ്ഥാപനങ്ങളിൽ പരിശോധനാസന്ദർശനങ്ങൾ നടത്തി. വിവിധ ഗവർണറേറ്റുകളിലായി 30 സംയുക്ത പരിശോധനാ കാമ്പയിനുകളും സംഘടിപ്പിച്ചു. പരിശോധനകളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകൾ ലംഘിച്ച നിരവധി കേസുകൾ കണ്ടെത്തി. നിരീക്ഷണത്തിൽ വന്ന നിയമലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമലംഘനം തടയുന്നതിനുള്ള സർക്കാർ ഏജൻസികളുടെ കൂട്ടായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഈ പരിശോധനകളെന്ന് അധികൃതർ വ്യക്തമാക്കി.
നിയമവിരുദ്ധമായ തൊഴിൽരീതികളെ ചെറുക്കുന്നതിൽ സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണക്കാൻ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും എൽ.എം.ആർ.എ ആഹ്വാനം ചെയ്തു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ (www.lmra.gov.bh) ഇലക്ട്രോണിക് ഫോം വഴിയോ കോൾ സെന്റർ നമ്പറായ 17506055 വഴിയോ അല്ലെങ്കിൽ സർക്കാറിന്റെ തവാസുൽ പരാതി സംവിധാനം വഴിയോ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

