420 നിയമലംഘകരായ പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: ബഹ്‌റൈനിൽ തൊഴിൽ വിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 2026 ജൂലൈയിൽ രാജ്യത്തുടനീളം 3,633 പരിശോധനാ ക്യാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി. ഇതിന്റെ ഭാഗമായി ചട്ടങ്ങൾ ലംഘിച്ച 114 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും, നേരത്തെ പിടിയിലായി 420 നിയമലംഘകരായ പ്രവാസികളെ നാടുകടത്തുകയും ചെയ്തു.
രാജ്യത്തെ എൽ.എം.ആർ.എ നിയമങ്ങളും റസിഡൻസി നിയമങ്ങളും സംബന്ധിച്ച വിവിധ വ്യവസ്ഥകളുടെ ലംഘനങ്ങൾ ഈ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ നിയമലംഘനങ്ങൾക്കുമേൽ ശക്തമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ 3,449 പരിശോധനകൾക്ക് പുറമെ 184 സംയുക്ത പരിശോധനാ ക്യാമ്പെയ്നുകളും ഈ കാലയളവിൽ നടന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവർക്ക് പുറമെ വ്യവസായ-വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചത്.
തൊഴിൽ വിപണിയുടെ സുസ്ഥിരതയെയും സാമ്പത്തിക-സാമൂഹിക സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങളും പ്രവൃത്തികളും തടയുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് രാജ്യത്തുടനീളം പരിശോധനകൾ ശക്തമായി തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. നിയമവിരുദ്ധ തൊഴിൽ രീതികൾ തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണയും അധികൃതർ തേടി.
നിയമലംഘനങ്ങളെക്കുറിച്ച് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lmra.gov.bh വഴിയോ, 17506055 എന്ന കോൾ സെൻറർ നമ്പറിലോ, അല്ലെങ്കിൽ സർക്കാരിന്റെ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്ന 'തവാസുൽ' സംവിധാനം വഴിയോ വിവരം അറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

