ജ്വലിക്കുന്ന ഓർമയിൽ ജീവനുള്ള പ്രതിമകൾ
text_fieldsകാലമെത്ര കഴിഞ്ഞാലും, കാട്ടുവള്ളികൾ ചുറ്റിയാലും, മഴയും കാറ്റും കൊണ്ട് പകുതി മണ്ണിലേക്ക് മറഞ്ഞാലും കാലമേ മറക്കില്ല. ഈ ചരിത്രം കുറിച്ച പേരുകൾ മാഞ്ഞുപോകില്ല, മരണവുമില്ല ഇവർക്ക് ഭൂമിയിൽ
സന്ധ്യാനേരം ഏതാണ്ട് 6.35. സ്ഥലം ഉത്തർപ്രദേശിന്റെ ഒരു കൊച്ചുഗ്രാമം; പേര് അസറുദ്ദീൻഗാവ്. മല്ലിക തന്റെ വീടിന്റെ ഉള്ളിൽ ഇരിക്കുകയാണ്. ചുറ്റിനും മതിലുകൾ കൊണ്ട് മറച്ച വീടിന്റെ ഉള്ളിൽനിന്ന് മുകളിലേക്ക് നോക്കിയാൽ അതിസുന്ദരമായ ആകാശം, നിറയെ നക്ഷത്രങ്ങൾ. മുല്ലപ്പൂക്കൾ വിരിഞ്ഞുവരുന്നതുപോലെ, ഇടക്കിടെ കറുത്ത മേഘവും നല്ലതുപോലെ കാണാം. അവിടെ ഗാവിൽ (ഗ്രാമങ്ങളിൽ) എത്ര വലിയ വീടുകൾ പണിതാലും അതിന്റെയൊക്കെ ഉള്ളിലിരുന്നുകൊണ്ട് സ്ത്രീകൾക്ക് സംസാരിക്കാൻ അല്ലെങ്കിൽ അതിഥികൾക്കല്ലാതെ വീട്ടിലുള്ളവർക്ക് വർത്തമാനം പറഞ്ഞിരിക്കാൻ നടുമുറ്റം പോലെ ഒരു സ്ഥലം, അത് അങ്ങനെ തുറന്ന് ആകാശത്തെ കാഴ്ചകളെ സമ്മാനിക്കും. ഇന്ന് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാൻ ഒരുപാട് മടികാണിച്ചാണ് പോയത്. ഇനി പോകാനുള്ള പ്രയാസം കൊണ്ടോ അതോ അറിയില്ല, എന്തായാലും ചന്ദ്രനും ആകാശത്ത് നേരത്തേ എത്തിയെങ്കിലും പകുതി മാത്രമേ കാണാനുള്ളൂ, ബാക്കി മേഘങ്ങളിൽ മറഞ്ഞിരിക്കുന്നു.
നാളെ ആഗസ്റ്റ്15 സ്വാതന്ത്ര്യദിനമാണ്. അതാണ് സ്കൂൾ മുറ്റവും അതിനോട് ചേർന്നുകിടക്കുന്ന സ്ഥലവും കുട്ടികളും അധ്യാപകരും നാട്ടുകാരുമെല്ലാം ഒന്നിച്ച് വൃത്തിയാക്കി പോയിരിക്കുന്നത്. പുറത്ത് കുറെ ദിവസമായി മല്ലിക ആ പരസ്യം കണ്ടു; നാളെയാണ് അസറുദ്ദീൻ ഗാവിലെ സ്കൂളിൽ പ്രധാനാധ്യാപകനോടൊപ്പം മുഖ്യമന്ത്രിയും അറിയപ്പെടുന്ന സിനിമ നടനും പിന്നെ ജില്ല കലക്ടർ, നേതാക്കന്മാർ എല്ലാവരും എത്തുന്നു. അതും വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത്. അസറുദ്ദീൻ ഗാവിലെ സർക്കാർ സ്കൂളിൽനിന്ന് പഠിച്ച് ഉന്നത തലങ്ങളിൽ എത്തിയവരെ ഒരിക്കൽക്കൂടി വിളിച്ച് ഊഷ്മള സ്വീകരണം നൽകാനും ആദരിക്കാനുമാണ് നാളെ എല്ലാവരും സ്‌കൂളിലേക്ക് എത്തുന്നത്.
റോഡിന്റെ രണ്ട് ഭാഗങ്ങളും പല നിറത്തിലുള്ള തോരണങ്ങൾ, നിറമുള്ള ബൾബുകൾ, എത്തിച്ചേരുന്നവരുടെ വലിയ ഫോട്ടോകൾ. എല്ലാം വളരെ മനോഹരമായി ഒരുക്കുന്നതിന്റെ ശബ്ദം ഇപ്പോഴും വെളിയിൽ കേൾക്കാം. ഇന്നും നാളെയും മറ്റന്നാളും ഒന്നും ഇനി ഈ നാട് ഉറങ്ങാൻ പോകുന്നില്ല. നേരത്തേയാണെങ്കിൽ ഏഴുമണി കഴിഞ്ഞാൽ ആകെ കേൾക്കുന്നത് ഉറക്കംവരാതെ പറക്കുന്ന പക്ഷികളുടെ ശബ്ദവും പിന്നെ വെളിയിൽ എന്തിനെയോ കണ്ട് കുരയ്ക്കുന്ന നായ്ക്കളും. തിന്നാൻ പാത്രം മറിച്ചിട്ട് പാഞ്ഞുപോകുന്ന പൂച്ചകളുടെ ബഹളവും മാറ്റിനിർത്തിയാൽ ഈ നാട് നേരത്തേ ഉറങ്ങുമായിരുന്നു.
റോഡിലെ ആളുകളുടെ സംസാരം കേട്ടുകൊണ്ട് മല്ലിക കയറുകൊണ്ട് കെട്ടിയ കട്ടിലിൽനിന്ന് പതുക്കെ എണീറ്റ് തന്റെ ഊന്നുവടി കൈയിലെടുത്ത് വെളിയിലേക്ക് നേരെ പോയില്ല. മറിച്ച് വീടിന്റെ മുകളിൽ കയറി അവിടെനിന്ന് ആ കാഴ്ച കണ്ടു; നാളെ നടക്കുന്ന ചടങ്ങിന് സ്റ്റേജിന്റെയും മറ്റും പണി നടക്കുന്നു. ജനറേറ്ററിന്റെ ശബ്ദം കേൾക്കാം, സ്കൂൾ സ്ഥലം പോരാത്തതിന് തൊട്ടടുത്തുള്ള സ്ഥലം കൂടി വൃത്തിയാക്കിയിരിക്കുന്നു. അവിടെയാണ് അർജുൻ സിങ്ങിനെ അടക്കിയിരിക്കുന്നത്.
അർജുൻ സിങ് ‘മല്ലികയുടെ ഭർത്താവ്’. വളരെ കുറച്ചുമാത്രം ഒന്നിച്ച് ഭൂമിയിൽ ജീവിക്കാൻ ഈശ്വരൻ ഒരു താലിച്ചരടിൽ ചേർത്ത അഴിയാത്ത ബന്ധം. ആ ബന്ധം അർജുൻ സിങ്ങിന്റെ മരണത്തിനുശേഷം അവൾക്ക് വിധവ എന്ന് മുദ്ര നല്കുന്ന വെളുത്ത സാരിയിലേക്ക് മാറ്റിയെങ്കിലും ഇന്നും ജീവിക്കുന്നത് അദ്ദേഹത്തിനുവേണ്ടി മാത്രമാണ്. ഇന്ത്യ-പാകിസ്താൻ അതിർത്തി യുദ്ധത്തിൽ തന്റെ ഒപ്പമെത്തിയ ഒരുകൂട്ടം ഇന്ത്യൻ സൈനികരുടെ മേധാവിയായിരുന്നു അർജുൻ. പലവട്ടവും അതിർത്തി ലംഘിച്ച് കടന്നുവരുന്നവരെ പാകിസ്താൻ അവരുടെ സൈന്യം എന്ന കൂട്ടത്തിൽ ചേർക്കുകയില്ല. മറിച്ച് കശ്മീരി വിഘടനവാദികൾ എന്നാണ് നാമനിർദേശം കൊടുത്തിരിക്കുന്നത്.
തന്റെ ഒപ്പമുള്ളവർക്ക് നിർദേശം നൽകി ഭീകരരെ വധിക്കാൻ തുടങ്ങിയ അർജുൻ സിങ്ങും കൂട്ടരും അവിടെ മാറിമാറി ഏഴ് ഭീകരരെ കൊന്നു. ബോംബുകൾ എറിഞ്ഞ് അല്ലാതെയും ഒരുപാട് ഭീകരരെ വധിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ മൂന്നു നാലു പേർ അവിടെ അടുത്തുതന്നെ ആളൊഴിഞ്ഞ ഒരു വീട്ടിൽ കയറിയതായി അറിഞ്ഞ് അവർക്ക് പിന്നാലെ വീട്ടിലേക്ക് കയറി. എന്നാൽ, അവിടെ ഭീകരർ അവർ ഉദ്ദേശിച്ചതിലും കൂടുതലുണ്ടായിരുന്നു. മറഞ്ഞിരുന്ന് ആക്രമിച്ച് ഓരോരുത്തരെയും വകവരുത്തുന്ന നേരമാണ് അത് സംഭവിച്ചത്. എവിടെനിന്നോ എത്തിയ ഒരു ബോംബ് ആ വീടിനെ മുഴുവൻ തകർത്തുകളഞ്ഞു. അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ആ ദുരന്തത്തിൽ കവർന്നു, കൂടെ അർജുൻ സിങ്ങിനെയും.
ഒരുരാത്രി അങ്ങനെ അവസാനിച്ചു. രാവിലെ മുതൽ റോഡിൽക്കൂടി അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങൾ പോകാൻ തുടങ്ങി. ചടങ്ങിന് എത്തിച്ചേരുന്നവരുടെ പേരുകൾ വിളിച്ചുപറഞ്ഞുകൊണ്ട് മൈക്ക് കെട്ടിയ വണ്ടികൾ ചീറിപ്പാഞ്ഞു. അങ്ങനെ എത്തിച്ചേരേണ്ട എല്ലാവരും എത്തി എന്ന് ഒരിക്കൽക്കൂടി വിളിച്ചുപറഞ്ഞുകൊണ്ട് ഒരു വാഹനം വീണ്ടും ആ വഴി പോയപ്പോൾ മല്ലിക പതുക്കെ വീടിന്റെ മുകളിലേക്ക് കയറി അവിടെയിരുന്ന് ആ കാഴ്ചകൾ കണ്ടു. സ്കൂളിന്റെ പേരിൽ ഒരു വലിയ ബാനറിനു മുന്നിൽ രണ്ട് കുഞ്ഞു പട്ടാളക്കാർ, പിന്നാലെ പൊലീസ്- അതിനുപിന്നാലെ നേതാക്കന്മാർ, മുത്തുക്കുടകൾ പിടിച്ച സ്ത്രീകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡുകൾ, ചെണ്ടമേളം, നിരവധി അനവധി ചായം പൂശിയ വേഷങ്ങൾ, ഭാരതമാതാവ്, കൊച്ചുകൊച്ചു മാലാഖമാർ. ജാതി മത ഭേദമില്ലാതെ എല്ലാവരും ഒന്നിച്ച് മുന്നോട്ട് ആ ഘോഷയാത്ര. അർജുൻ സിങ് ഉറങ്ങിക്കിടക്കുന്ന സ്മാരകത്തിൽ പൂക്കൾ അർപ്പിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർഥന നടത്തി.
അദ്ദേഹത്തിന് മാലയും നെറ്റിയിൽ തിലകക്കുറിയും ചാർത്തി പിന്നീട് ആ യാത്ര മൈതാനത്തിലേക്ക് കയറി. കാടും വള്ളിയും കയറി നശിച്ചുകിടന്നിരുന്ന അർജുൻ സിങ്ങിന്റെ സ്മാരകം ഇന്ന് ഒരായിരം പൂക്കളാൽ സുന്ദരമായി. മൈക്കിലൂടെയുള്ള ശബ്ദം ഗ്രാമം മുഴുവൻ കേൾക്കാം. ചടങ്ങുകൾക്ക് മുഖ്യമന്ത്രി തിരികൊളുത്തി. വിശിഷ്ടരായി എത്തിയവർ ഓരോരുത്തരായി സംസാരിച്ചുതുടങ്ങി. സ്മാരകവും അതിനുചുറ്റുമുള്ള സ്ഥലവും വൃത്തിയായി സൂക്ഷിക്കാൻ മുഖ്യമന്ത്രി അവിടെയുള്ളവർക്ക് നിർദേശം നൽകി. അന്ന് അവിടെ നടന്ന ചടങ്ങിൽ ആദരവുകൾ നൽകിയത് അർജുൻ സിങ്ങിന്റെ പേരിലായിരുന്നു എന്ന് മല്ലിക അറിഞ്ഞത് പിന്നീടാണ്. അറിയാതെ എത്തിയ കണ്ണുനീർ തുടച്ചുകൊണ്ട് വെളിയിലേക്ക് നോക്കിയപ്പോൾ കൊച്ചുമക്കൾ അവിടേക്ക് ഓടിയെത്തി. അവരും അവിടെ നടന്ന വിവരം മല്ലികയോട് പറഞ്ഞപ്പോൾ മല്ലികക്ക് ഒരുപാട് സന്തോഷം തോന്നി. അവിടെ കേട്ടതിൽവെച്ച് കൊച്ചുമകൾ മറക്കാതെ പറഞ്ഞ വാക്ക് ഇങ്ങനെയാണ്: ‘കാലമെത്ര കഴിഞ്ഞാലും, കാട്ടുവള്ളികൾ ചുറ്റിയാലും, മഴയും കാറ്റും കൊണ്ട് പകുതി മണ്ണിലേക്ക് മറഞ്ഞാലും കാലമേ മറക്കില്ല. ഈ ചരിത്രം കുറിച്ച പേരുകൾ മാഞ്ഞുപോകില്ല, മരണവുമില്ല ഇവർക്ക് ഭൂമിയിൽ.’
അങ്ങനെ സ്വാതന്ത്ര്യദിന ചടങ്ങുകൾ അവസാനിച്ച് ആളുകൾ പോകുന്നത് കാണാൻ മല്ലിക വീണ്ടും വീടിന്റെ മുകളിലേക്ക് കയറിയപ്പോൾ അവരുടെ ഒപ്പം തന്നെ നോക്കി കൈകൾ വീശി പോകുന്ന അർജുൻ സിങ്ങിനെയും ആ കൂട്ടത്തിൽ മല്ലിക ഒരിക്കൽക്കൂടി കണ്ടു. ഒരിക്കലും അവസാനിക്കാത്ത, ജനിച്ച മണ്ണിനോടുള്ള സ്നേഹമാണ് എന്നും ഓരോ ഇന്ത്യൻ പൗരന്റെയും ഉള്ളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

