ജൈവോന്മാദമുണർത്തിയ സർഗസംഗീതം
text_fieldsഇൻഡോ ബഹ്റൈൻ നൃത്ത സംഗീതോത്സവത്തിൽ വൈക്കം വിജയലക്ഷ്മി പാടുന്നു
പ്രപഞ്ചം സംഗീത മയമാണ്. ശ്രോതാവിന്റെ സൗന്ദര്യബോധത്തിന് തിരയിളകുന്നിടത്ത് ശബ്ദം സംഗീതമാവുന്നു. സംഗീതത്തിൽ ജീവനുണരുന്നു. ബഹ്റൈൻ കേരളീയ സമാജം അങ്കണത്തിൽ ഇൻഡോ ബഹ്റൈൻ നൃത്ത സംഗീതോത്സവം ഏഴാം നാൾ അരങ്ങേറിയ സംഗീത നിശയിൽ സദസ്സിൽ വാർന്നുവീണ സ്വർഗ സംഗീതം ജൈവോന്മാദമുണർത്തി. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി സൽഗോന്മാദ സന്ധ്യക്ക് സംഗീത ദീപം തളിച്ച് പാടുകയാണ്.
ഇന്ത്യയിലെ നൃത്ത സംഗീത പ്രതിഭകൾ മാറ്റുരക്കുന്ന ബഹ്റൈനിൽ വേരുറച്ച സാംസ്കാരിക നിലയം. ബഹ്റൈൻ കേരളീയ സമാജം. അവിടെയാണ് വിജയലക്ഷ്മി അരങ്ങുണർത്തി സംഗീത മികവ് കാട്ടിയത്. വിജയലക്ഷ്മി വെറുമൊരു പാട്ടുകാരി മാത്രമല്ലായെന്ന് സംഗീതത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയും അറിയും. ഏവരുടെയും പ്രിയപ്പെട്ട ചലച്ചിത്ര പിന്നണി ഗായികയാണ്. സംഗീതം മധുരമെന്ന് വിശേഷിപ്പിക്കുന്നിടത്തല്ല, വ്യത്യസ്തമായ ശബ്ദ കൂട്ടു കൊണ്ട് ശ്രോതാക്കളെ സ്വപ്നലോകത്ത് കൈപിടിച്ചു നടത്തി തന്റെ പെരുമ തെളിയിച്ച ഒരു പാട്ടുകാരി. നിർദോഷിയായ ഒരു കുട്ടിയെ പോലെ പെരുമാറുകയും തന്റെ സ്വതഃസിദ്ധമായ പെരുമാറ്റ ശൈലികൊണ്ട് സദസ്സിലെ ഓരോരുത്തരേയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന മാസ്മരിക പ്രഭാവം അവരിലുണ്ട്.
സംഗീതം മഴമേഘങ്ങളെ കരയിപ്പിച്ചുവെന്നും പ്രകൃതിയെ ചൊടിപ്പിച്ചു മഴ പെയ്യിപ്പിച്ചുവെന്നും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ ചിലർ പറഞ്ഞു പരത്തിയ കെട്ടുകഥയെന്നും നമുക്കറിയാം. അപ്പോഴും സംഗീതം ഹൃദയത്തിൽ പൊഴിയുന്ന വേദനകൾക്ക് ഔഷധമെന്ന് മറക്കേണ്ട. വിജയ ലക്ഷ്മിയുടെ ശബ്ദ തരംഗങ്ങളുടെ പ്രഭാവം മനസ്സിലെ കാർമേഘ കൂട്ടിൽ വെള്ളിവെട്ടം ഇറ്റിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിജയലക്ഷ്മിയിൽ സംഗീതവുമായി ബന്ധപ്പെട്ട എന്തും വഴങ്ങുമെന്നറിയാം. അവർ വേദിയിൽ അത്ഭുതങ്ങൾ കാട്ടി. നമ്മിൽ മിക്കവർക്കും പരിചയമില്ലാത്ത സംഗീതോപകരണങ്ങൾകൊണ്ട് ഒരു സംഗീത സദ്യതന്നെ ഒരുക്കി. ഒക്കെയും ബഹ്റൈൻ കേരളീയ സമാജം അരങ്ങിലെ മഹാജനങ്ങൾക്ക് പുത്തൻ അനുഭവവും ഉണർവുമായിരുന്നു.
വിദേശ സംഗീതോപകരണമായ കസൂ (kazoo) ഉപയോഗിച്ചാണ് വൈക്കം വിജയലക്ഷ്മി അത്ഭുതകരമായ സംഗീതമുതിർത്തത്. ബഹ്റൈൻ വാസികൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു വിദേശ സംഗീത ഉപകരണമായ കസുവിൽ നിന്നുതിരുന്ന സംഗീതം. ഇതിലും വലിയ അത്ഭുതമാണ് നമ്മുടെ ഓടക്കുഴൽ.
കലാകാരന്റെ ചുണ്ടിൽ വിരിയുന്ന മന്ത്രങ്ങളെ സംഗീതമാക്കി നമ്മെ വിസ്മയിപ്പിക്കുന്ന ഒരു ഈറ കഷണം. വെറും ആറ് സുഷിരങ്ങളിലൂടെ ആരോഹണാവരോഹണ ക്രമത്തിൽ സംഗീതമൊഴുക്കുന്ന ഈറക്കഷണത്തെ അത്ഭുതമെന്ന് പറഞ്ഞാൽ അധികമാവില്ല. ആകാശച്ചെരുവിലെ വെൺ മേഘചുണ്ടുകളോട് കുശലം പറയുന്ന വേണുഗാനം കേൾക്കാത്തവർ നമുക്കിടയിൽ ഉണ്ടാവില്ല. കൂടാതെ ഒറ്റ കമ്പിയിൽ വീണനാദം പുത്തൻ അനുഭവമായിരുന്നു. ക്ലാസിക്കും ചലച്ചിത്ര ഗാനങ്ങളും ഒറ്റക്കമ്പിയിൽ നിന്നും വിജയലക്ഷ്മി അടർത്തിയെടുത്തു. ബഹ്റൈൻ മലയാളികളെ ഒരു പുത്തൻ മാനസിക തലത്തിലേക്ക് കൂട്ടുകയായിരുന്നു വിജയലക്ഷമിയെന്ന സംഗീത പ്രതിഭ. ബഹ്റൈൻ കേരളീയ സമാജം ഓരോ മലയാളിയുടെയും ശബ്ദമാണ്. വികാരമാണ്. വരും വർഷങ്ങളിൽ വീണ്ടും ക്ലാസിക്കൽ നൃത്ത സംഗീതോത്സവവുമായി കാണാമെന്ന വാഗ്ദാനത്തോടെ സമാജം അരങ്ങിലെ തിരി താഴ്ത്തി. ഓരോ മലയാളിയുടെയും മനസ്സിൽ സമാജം തെളിച്ച കനൽ അണയാതിരിക്കട്ടെ. മണൽക്കാട്ടിലെ വറ്റാത്ത നീരുറവയായി എന്നും കേരളീയ സമാജം ഒപ്പമുണ്ടാവും. ഒരു മഹാപ്രസ്ഥാനമെന്നതിലുപരി ജീവനുള്ള ഒരാകൃതിയാണ് ബഹ്റൈൻ കേരളീയ സമാജം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

