ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യോത്സവമായി ലിറ്റ് ഫെസ്റ്റ്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യോത്സവമെന്ന പകിട്ടോടെ എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ 15ാം എഡിഷന് കൊടിയിറങ്ങി. ദുബൈയെ ക്രിയാത്മകതയുടെയും സാംസ്കാരിക സമ്പന്നതയുടെയും കേന്ദ്രബിന്ദുവാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ലിറ്റ് ഫെസ്റ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ എഴുത്തുകാരും ഹോളിവുഡ് താരങ്ങളും പങ്കെടുത്തു. ദുബൈ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ നടന്ന ഫെസ്റ്റിൽ 300ഓളം സെഷനുകൾ അരങ്ങേറി. മലയാളത്തിന്റെ പ്രതിനിധികളായി എം. മുകുന്ദനും സന്തോഷ് ജോർജ് കുളങ്ങരയും പങ്കെടുത്തു. ബുക്കർ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ, മാധ്യമ പ്രവർത്തക ബർഖ ദത്ത് എന്നിവരുടെ സെഷനും ഏറെ ശ്രദ്ധേയമായിരുന്നു.
15 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഫെസ്റ്റാണിതെന്ന് എമിറേറ്റ്സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. 50 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 250ഓളം എഴുത്തുകാർ പങ്കെടുത്തു. ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയിലും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലുമായിരുന്നു ഫെസ്റ്റിവൽ. നൈജീരിയൻ നോവലിസ്റ്റ് ചിമാമന്ദ എൻഗോസി, സ്കോട്ടിഷ് കവി കരോൾ ആൻ ഡഫി, ഇമാറാത്തി കവി നുജൂം അൽ ഗാനിം, തുർക്കിഷ് എഴുത്തുകാരൻ എലിഫ് ഷഫാക്, പുലിസ്റ്റർ പുരസ്കാര ജേതാവ് ഫ്രാങ്ക് മക്കോർട്ട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

