ചിത്രയുടെ സ്വരമാധുരിയിലലിഞ്ഞ് ശ്രാവണം
text_fieldsസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി
വർഗീസ് കാരക്കലും കെ.എസ്. ചിത്രയെ ആദരിക്കുന്നു
മനാമ: ബഹ്റൈനിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയ രാവൊരുക്കി പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും സംഘവും. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറിക്കഴിഞ്ഞ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ 'ശ്രാവണത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഗാനമേളയിൽ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. സംഗീതത്തിന്റെ വസന്തം തീർത്തുകൊണ്ട് കെ.എസ്. ചിത്രയോടൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും അണിനിരന്നിരുന്നു. സമാജം ഡയമണ്ട് ജൂബിലി ഹാളിനകത്തും പുറത്തുമായി നിരവധി സംഗീതാസ്വാദകരാണ് ഒത്തുകൂടിയത്.
കെ.എസ്. ചിത്രയും സംഘവും പരിപാടിക്കിടെ -ചിത്രം സത്യൻ പേരാമ്പ്ര
മലയാളികളുടെ പ്രിയ വാനമ്പാടി കെ.എസ്. ചിത്ര വേദിയിലെത്തിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് അവരെ വരവേറ്റത്. തന്റെ മാന്ത്രിക ശബ്ദത്തിൽ അവർ പാടിയ ഓരോ ഗാനവും സദസ്സിനെ ഗൃഹാതുരത്വത്തിന്റെ ലോകത്തേക്ക് കൊണ്ടുപോവുകയും ഓരോ പാട്ടും സദസ്സ് ഏറ്റുപാടുകയും ചെയ്തു. രാജഹംസമേ, മാലേയം മാറോടഞ്ഞു, കല്യാണ തേൻ നില തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്കൊപ്പം പുതിയകാല ഹിറ്റുകളും ഓണപ്പാട്ടുകളുടെ ഫ്യൂഷനും കോർത്തിണക്കി അവതരിപ്പിച്ച ഈ ഗാനമേള, പ്രവാസജീവിതത്തിൽ ഓണത്തിന്റെ ഓർമകൾക്ക് കൂടുതൽ മധുരം പകർന്നതായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് തുടങ്ങിയ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടി ആസ്വദിക്കാനെത്തിയ ജനക്കൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

