രാത്രിയിലെ സംസ്കാര ചടങ്ങുകൾക്കായി മുഹറഖിലെ ശ്മശാനങ്ങളിൽ വെളിച്ചം സ്ഥാപിക്കണം
text_fieldsമനാമ: മുഹറഖിലെ ശ്മശാനങ്ങളിൽ രാത്രികാലങ്ങളിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള സൗകര്യക്കുറവ് പരിഹരിക്കണമെന്ന ആവശ്യവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. വെളിച്ചക്കുറവ് കാരണം കുടുംബങ്ങൾ രാത്രിയിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. മുഹറഖ് ഖബർസ്ഥാനിലെയും മറ്റ് ഖബർസ്ഥാനുകളിലെയും ചില ഭാഗങ്ങളിൽ നല്ല വെളിച്ചമുണ്ടെങ്കിലും വലിയ ഭാഗങ്ങൾ ഇപ്പോഴും പൂർണമായ ഇരുട്ടിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത് ദുരന്തപൂർണമായ സാഹചര്യമാണെന്നും കുടുംബങ്ങൾക്ക് സംസ്കാര ചടങ്ങുകൾ പകൽവെളിച്ചത്തിലേക്ക് മാറ്റേണ്ടിവരുന്നുണ്ടെന്നും അവർ പറഞ്ഞു.
ദുഃഖാചരണത്തിനായി നൽകുന്ന മൂന്നുദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയിൽ, അനുശോചനം അറിയിക്കാൻ വരുന്നവർക്ക് സമയം കിട്ടാത്ത അവസ്ഥയുണ്ടാകുന്നുണ്ടെന്നും അവർ വാദിച്ചു. ചൂടുള്ള വേനൽമാസങ്ങളിൽ രാത്രികാലങ്ങളിൽ സംസ്കാരചടങ്ങുകൾ നടത്തുന്നത് സാധാരണയായി മാറിയിട്ടുണ്ടെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. എന്നാൽ, മുഹറഖിലെ വെളിച്ചസംവിധാനം ഇതിന് അനുയോജ്യമല്ലെന്നും പലയിടത്തും വെളിച്ചം തീരെയില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ഗ്രാമങ്ങളിൽ ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും മുഹറഖ് ഖബർസ്ഥാന്റെ വലുപ്പം കാരണം അത്തരം ശ്രമങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരമായി വെളിച്ചം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. ഇത് രാത്രികാല സംസ്കാര ചടങ്ങുകൾ നടത്താനാഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

