എ.ഐ ട്രാഫിക് കാമറകൾ പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം; വിശദീകരണം തേടി നിയമസഭാംഗങ്ങൾ
text_fieldsമനാമ: രാജ്യത്തുടനീളം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രാഫിക് നിരീക്ഷണ കാമറകളുടെ വ്യാപ്തിയും സ്വകാര്യതയിലെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് അടിയന്തരമായി വിശദീകരണം തേടി ബഹ്‌റൈൻ നിയമസഭാംഗങ്ങൾ.
വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ സമിതി എന്നിവ ഉൾപ്പെടുന്ന പാർലമെന്ററി കമ്മിറ്റി, 500 സ്മാർട്ട് കാമറകൾ ഉൾപ്പെടുന്ന പുതിയ സംവിധാനം വിന്യസിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ (ജി.ഡി.ടി) നിന്ന് ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ കാമറകൾ സ്ഥാപിക്കുന്നതിനു മുമ്പ് സുതാര്യത ഉറപ്പാക്കണമെന്ന് കമ്മിറ്റി ചെയർമാൻ ഹസ്സൻ ബുഖമ്മാസ് പറഞ്ഞു. ട്രാഫിക് സംവിധാനം നവീകരിക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ പൂർണ പിന്തുണ നൽകുന്നു. എന്നാൽ, പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കാമറകളുടെ വ്യാപ്തി, ഉദ്ദേശ്യം, ഡേറ്റ കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ എന്നിവ പാർലമെന്റിന് വ്യക്തമായി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബയോൺ സൊലൂഷൻസ് ആണ് ആഭ്യന്തര മന്ത്രാലയവുമായി എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പാക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും നിയമം നടപ്പാക്കുന്നത് മെച്ചപ്പെടുത്താനും പൊതു സുരക്ഷ വർധിപ്പിക്കാനും ഈ കാമറകൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഡേറ്റ എങ്ങനെ ശേഖരിക്കും, എവിടെ സംഭരിക്കും, എങ്ങനെ ഉപയോഗിക്കും എന്ന് ഞങ്ങൾ മനസ്സിലാക്കണം.
ആർക്കൊക്കെയായിരിക്കും അതിലേക്ക് പ്രവേശനം? എത്ര കാലം ഡേറ്റ സൂക്ഷിക്കും? ഇങ്ങനെയൊരു സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് ഉത്തരം ലഭിക്കേണ്ട അടിസ്ഥാനപരമായ ചോദ്യങ്ങളാണിവയെന്നും ബുഖമ്മാസ് സൂചിപ്പിച്ചു. വരും ആഴ്ചകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സാങ്കേതിക വിശദാംശങ്ങൾ വിലയിരുത്താനും പൗരസ്വാതന്ത്ര്യം സംരക്ഷിക്കാൻ ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും കമ്മിറ്റി പദ്ധതിയിടുന്നു. അലക്ഷ്യമായ ഡ്രൈവിങ്ങിന് കടിഞ്ഞാണിടാനായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ ബഹ്‌റൈനിൽ ആഗസ്റ്റിൽ പ്രാബല്യത്തിൽ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

