ലീഗൽ സർവിസ് നിയമത്തിൽ ഭേദഗതി വരുത്തണം; എം.പിക്ക് നിവേദനം നൽകി പ്രവാസി ലീഗൽ െസൽ
text_fieldsഎം.പി എൻ.കെ. പ്രേമചന്ദ്രന് നിവേദനം നൽകി പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ
മനാമ: വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗൽ സർവിസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രന് നിവേദനം നൽകി പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ.സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്ര നിയമമായ ലീഗൽ സർവിസ് അതോറിറ്റി ആക്ട്, 1987 ഭേദഗതി ചെയ്ത്, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാരെയും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് നിവേദനത്തിൽ നിർദേശിച്ചത്.
ഈ വിഷയമടക്കം വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിൽ വിശദമായ നിവേദനമാണ് സംഘം നൽകിയത്. ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ലോക്സഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ നിവേദകസംഘത്തിന് ഉറപ്പുനൽകി.പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചക്കായി വേണ്ട സഹായസഹകരണങ്ങൾ ചെയ്യാമെന്ന് പ്രേമചന്ദ്രൻ ഉറപ്പുനൽകി.
നിവേദനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് വിഷയങ്ങൾ- പ്രവാസി ഭാരതീയ ഭീമ യോജന ഇൻഷുറൻസ് പദ്ധതി വിദേശത്ത് പോകുന്ന ഇ.സി.ആർ/ ഇ.സി.എൻ.ആർ വിഭാഗങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും ചെയ്യുക, എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്- ഐ.സി.ഡബ്ല്യു.എഫ്) ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അടുത്തുതന്നെ പാർലമെന്റിൽ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ ഓവർസിയസ് മൊബിലിറ്റി ബിൽ, 2024ൽ ഉൾപ്പെടുത്തണം, വിദേശ തൊഴിൽ/വിദ്യാഭ്യാസ തട്ടിപ്പുകൾ തടയാനുള്ള നിയമം കൊണ്ടുവരണം, എംബസി ക്ഷേമനിധിവഴി നിയമസഹായം ശക്തമാക്കുക, മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന പുനഃസ്ഥാപിക്കുക എന്നിവയാണ്. അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), തൽഹത്ത് പൂവച്ചൽ (ട്രഷറർ), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീർ, നന്ദഗോപകുമാർ, അനിൽ കുമാർ, ശ്രീകുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

