നീന്തിത്തുടിക്കുന്ന കടൽമീനിനെ കാണാം; സ്കീയിങ് ആസ്വദിക്കാം
text_fieldsമനാമ: ദിയാറുൽ മുഹറഖിലെ ദിൽമുനിയ മാളിലെത്തിയാൽ കടൽവെള്ളത്തിൽ നീന്തിത്തുടിക്കുന്ന മീനുകളെ കാണാം. ബഹ്റൈനിലെ ഏറ്റവും വലിയ ഫിഷ് അക്വേറിയമാണ് ഇവിടെയുള്ളത്. അലങ്കാര മത്സ്യങ്ങൾ, സ്രാവ്, തിരണ്ടി, ഹമൂർ തുടങ്ങിയ നിരവധി മീനുകളും അക്വേറിയത്തിലുണ്ട്. നിരവധി വിനോദപരിപാടികളും കോഫി ഷോപ്പുകളും ഫുഡ് കോർണറുകളും സൂപ്പർ മാർക്കറ്റും ഉൾപ്പെടുന്നതാണിവിടം. ഡൈവിങ് സൗകര്യവും ലഭ്യമാണ്.സ്കീയിങ് വിനോദത്തിനും അവസരമുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഇത് ആസ്വദിക്കാം. ട്രെയിനർമാരുടെ സഹായവും ലഭിക്കും. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളായ സൂപ്പർമാൻ, ടെൻബൻ മിയോണിൻസ്, മിക്കി മൗസ് തുടങ്ങിയവരുടെ അടുത്തുനിന്ന് ഫോട്ടോ ഷൂട്ടിനുള്ള അവസരവും ലഭിക്കും.
കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളാണ് മറ്റൊരാകർഷണം. വിവിധ തരത്തിലുള്ള ഗെയിമുകളും കളിപ്പാട്ടങ്ങളും മറ്റു വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ അരമണിക്കൂർ ഇടവിട്ട് മ്യൂസിക് വാട്ടർ ഫൗണ്ടനുണ്ട്. അഞ്ചു മിനിറ്റ് നീളുന്ന ഈ വിനോദ പരിപാടി ആസ്വദിക്കാനും നിരവധി പേരാണ് മാളിൽ എത്തുന്നത്.