തൊഴിൽ നിയമലംഘനം: കഴിഞ്ഞ മാസം 543 പേരെ നാടുകടത്തി
text_fieldsമനാമ: ബഹ്റൈനിൽ അനധികൃത തൊഴിൽ രീതികൾക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായി കഴിഞ്ഞ മാസം 543 വിദേശികളെ നാടുകടത്തി. ആഗസ്റ്റിൽ 2,973 പരിശോധന കാമ്പയിനുകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പാസ്പോർട്ട്, താമസകാര്യ വിഭാഗം, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ഡയറക്ടറേറ്റ്, വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ് എന്നിവയുമായി ഏകോപിച്ചാണ് പരിശോധനകൾ നടത്തിയത്.
മുനിസിപ്പാലിറ്റി -കാർഷിക മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റി, ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി എന്നിവയും പരിശോധനകളിൽ പങ്കാളികളായി. തൊഴിൽവിപണിയുടെ സുസ്ഥിരതയും മത്സരക്ഷമതയും ഉറപ്പാക്കാനും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ തടയാനും വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ഏകദേശം രണ്ട് മാസത്തോളം പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞ വർഷം 54,600 പരിശോധനകളും 795 സംയുക്ത കാമ്പെയ്നുകളും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തി.
നിയമലംഘകരായ 4,776 വിദേശികളെ നാടുകടത്തി. അനധികൃത തൊഴിൽ രീതികൾ പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ ആഹ്വാനം ചെയ്തു. www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിൽ വിളിച്ചോ സർക്കാരിന്റെ നിർദ്ദേശ-പരാതി സംവിധാനമായ തവാസുൽ വഴിയോ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

