ലേബർ രജിസ്ട്രേഷൻ സെന്ററുകൾ പ്രവർത്തനമാരംഭിച്ചു
text_fieldsലേബർ രജിസ്ട്രേഷൻ സെന്റർ പ്രതിനിധികൾക്കായി നടത്തിയ ശിൽപശാല
ഫ്ലക്സി വിസയിൽ ജോലി ചെയ്തിരുന്നവർ മൂന്നുമാസത്തിനുള്ളിൽ സെന്ററുകളിൽ രജിസ്റ്റർ ചെയ്യണം
മനാമ: ബഹ്റൈനിൽ ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച ലേബർ രജിസ്ട്രേഷൻ സംവിധാനം പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആറു സെന്ററുകൾക്കാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ലൈസൻസ് നൽകിയിരിക്കുന്നതെന്ന് സി.ഇ.ഒ നൗഫ് അബ്ദുറഹ്മാൻ ജംഷീർ അറിയിച്ചു.
ഫ്ലക്സി വിസയിൽ ജോലിചെയ്തിരുന്നവർ മൂന്നുമാസത്തിനുള്ളിൽ സെന്ററുകളിൽ രജിസ്റ്റർ ചെയ്യണം. സ്വകാര്യമേഖലയുമായി സഹകരിച്ച് രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് നിയമാനുസൃത രേഖകൾ സ്വന്തമാക്കി സുരക്ഷിതമായി രാജ്യത്ത് ജോലിചെയ്യാനുള്ള അവസരമാണ് ലേബർ രജിസ്ട്രേഷൻ സംവിധാനം ഒരുക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് എൽ.എം.ആർ.എയുടെ സേവനങ്ങൾ തുടർന്നും ലഭ്യമായിരിക്കുമെന്ന് സി.ഇ.ഒ വ്യക്തമാക്കി.
അംഗീകൃത ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ പെർമിറ്റ് ലഭിക്കുന്നതിന് തൊഴിലാളി അപേക്ഷ സമർപ്പിക്കുന്നതാണ് ആദ്യഘട്ടം. അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ഒപ്പം വെക്കണം. രജിസ്ട്രേഷൻ സെന്റർ എൽ.എം.ആർ.എക്ക് പെർമിറ്റ് അപേക്ഷ സമർപ്പിക്കുകയും എൽ.എം.ആർ.എ അപേക്ഷകൾ പരിശോധിക്കുകയും ചെയ്യും. സൂക്ഷ്മപരിശോധനക്കായി അപേക്ഷ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സിന് (എൻ.പി.ആർ.എ) നൽകും. എൽ.എം.ആർ.എ അംഗീകരിച്ച പേമന്റ് സെന്ററിൽ തൊഴിലാളി നിശ്ചിത ഫീസ് അടക്കണം. തുടർന്ന് വർക്ക് പെർമിറ്റ് കാർഡിനായി തൊഴിലാളിക്ക് അപ്പോയിന്റ്മെന്റ് നൽകും. ബയോളജിക്കൽ ഡേറ്റ ശേഖരിക്കുകയും മെഡിക്കൽ പരിശോധനക്കുള്ള അപ്പോയിന്റ്മെന്റ് ലഭിക്കുകയും ചെയ്യും. തൊഴിലാളിക്ക് ഒരു സിം കാർഡും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ക്യൂ.ആർ കോഡ് പതിച്ച വർക്ക് പെർമിറ്റ് കാർഡാണ് ലഭിക്കുന്നത്. ജോലിചെയ്യാൻ അനുവദനീയമായ തൊഴിൽ മേഖലയും മറ്റു വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. നിലവിലെ ഫ്ലക്സി വിസയുടെ കാലാവധി ബാക്കിയുണ്ടെങ്കിൽ ശേഷിക്കുന്ന കാലത്തേക്കുള്ള ഫീസ് അപേക്ഷകന്റെ എൽ.എം.ആർ.എ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.
ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ടോ എന്നറിയാൻ www.lmra.bh എന്ന വെബ്സൈറ്റിൽ സർവീസസ് എന്ന വിഭാഗത്തിൽ Registered Worker Eligibility എന്ന ലിങ്ക് പരിശോധിക്കാവുന്നതാണ്. അംഗീകൃത ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങളുടെ പട്ടികയും എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്. 17506055 എന്ന കാൾ സെന്റർ വഴിയും അന്വേഷണങ്ങൾ നടത്താവുന്നതാണ്.
തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിന് അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾക്കായി എൽ.എം.ആർ.എ പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ശിൽപശാലയിൽ വിശദീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.