ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ; അറിഞ്ഞിരിക്കേണം ഇക്കാര്യങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
ബാങ്കിൽ കടബാധ്യതയുണ്ടായാൽ
? ബഹ്റൈനിലെ ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ എനിക്ക് കടബാധ്യത നിലവിലുണ്ട്. എനിക്ക് രാജ്യം വിട്ട് പോരേണ്ടി വന്നാൽ, എന്റെ പേരിൽ എപ്പോഴാണ് ഒരു ട്രാവൽ ബാൻ അല്ലെങ്കിൽ സിവിൽ കേസ് നിലവിൽ വരിക? ഇത് അന്താരാഷ്ട്ര തലത്തിൽ എന്നെ എങ്ങനെ ബാധിക്കും?
മുനീർ
• ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഉള്ള കടബാധ്യത തിരികെ നൽകാൻ താമസം വന്നാൽ അവർ കോടതിയിൽ പരാതി നൽകി താങ്കളുടെ പേരിൽ ട്രാവൽ ബാൻ എടുക്കും. സിവിൽ കേസുകളിൽ കോടതി മുഖേന അല്ലാതെ ട്രാവൽ ബാൻ എടുക്കുവാൻ സാധിക്കുകയില്ല. ക്രിമിനൽ കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ ആണ് ട്രാവൽ ബാൻ ചെയ്യുക. സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ ഇവിടെ ഫൈനൽ ജഡ്ജ്മെന്റ് ലഭിച്ചാൽ മാത്രമേ അന്താരാഷ്ട്രതലത്തിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുകയുള്ളൂ.
സിവിൽ കേസുകളിൽ ഇവിടെ ഫൈനൽ ജഡ്ജ്മെന്റ് ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരനാണെങ്കിൽ ഇന്ത്യൻ കോടതിയിൽ കേസ് നൽകാൻ സാധിക്കും. അവിടെ നിന്ന് കോടതി വിധി ലഭിച്ചാൽ മാത്രമേ അത് എക്സിക്യൂട്ട് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ക്രിമിനൽ കേസ് ആണെങ്കിൽ ഇവിടെ ഫൈനൽ ജഡ്ജ്മെന്റ് ലഭിച്ചാൽ അത് ഇന്ത്യക്കാരനാണെങ്കിൽ ഒന്നുകിൽ ഇന്റർപോൾ വഴി അല്ലെങ്കിൽ എക്സ്ട്രഡിഷൻ ട്രീറ്റി പ്രകാരം നടപടികൾ സ്വീകരിക്കാൻ കഴിയും.
വാടക കരാർ തർക്കങ്ങൾ കൈകാര്യംചെയ്യേണ്ട രീതി
? ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക കരാർ ലീസ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരൻ എന്ന നിലയിൽ എനിക്ക് മുറിക്കാൻ (Terminate) സാധിക്കുമോ? വാടകയുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ, വാടക തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ ഫോറം ബഹ്റൈനിൽ ഏതാണ്?
വിനോദ്
• ഇവിടെ രണ്ട് രീതിയിലുള്ള വാടക കരാറുണ്ട്. ഒന്ന് ഒരു നിശ്ചിതകാലത്തേക്കുള്ള വാടക കരാർ മറ്റൊന്ന് നിശ്ചിത കാലാവധി ഇല്ലാത്ത വാടക കരാർ. നിശ്ചിത കാലത്തേക്കുള്ള വാടക കരാർ അതിന്റെ കാലാവധിക്കുള്ളിൽ ടെർമിനേറ്റ് ചെയ്യാൻ സാധിക്കുകയില്ല, ആ കരാർ കാലാവധി കഴിയുമ്പോൾ തീരും. അപ്പോൾ പറ്റുമെങ്കിൽ പുതിയ കരാർ ഉണ്ടാക്കാം. നിശ്ചിത കാലാവധി ഇല്ലാത്ത കരാർ നോട്ടീസ് നൽകി ടെർമിനേറ്റ് ചെയ്യുവാൻ സാധിക്കും. വാടക കരാറിൽ പറഞ്ഞിരിക്കുന്ന നോട്ടീസ് അതായത് ഒരു മാസം അല്ലെങ്കിൽ 3 മാസം എന്നിങ്ങനെ. നിശ്ചിത കാലാവധിയുള്ള വാടക കരാറിൽ ഒരു മാസത്തെ നോട്ടീസ് നൽകി കരാർ റദ്ദുചെയ്യാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ആ നോട്ടീസ് കാലാവധി കഴിയുന്നതിന് മുമ്പേ ആ കരാർ പുതുക്കണം, അല്ലെങ്കിൽ റദ്ദു ചെയ്യണമെന്ന് നൽകുന്ന നോട്ടീസ് എന്നാണ്. അതുകൊണ്ട് വാടക കരാർ എഴുതുമ്പോൾ വളരെ കൃത്യമായി വ്യവസ്ഥകൾ വെച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

