ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണ്?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
തൊഴിൽ കരാർ രണ്ട് തരം
? സർ ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സ് ആണ്. ബഹ്റൈനിലെ നിയമ പ്രകാരം എത്ര വർഷമാണ് ഒരു സ്ഥാപനത്തിന് തൊഴിലാളിയുമായി കോൺട്രാക്ട് എഴുതാൻ സാധിക്കുക. ഇത് പ്രൈവറ്റ് സെക്ടറിന് വേറെ നിയമവും ഗവൺമെന്‍റിന് വേറെ നിയമവുമാണോ? കോൺട്രാക്ട് തെറ്റിച്ചാൽ ഉണ്ടാവുന്ന് നിയമപരമായ പ്രശ്നങ്ങൾ എന്തെല്ലാമാണ്.
തൊഴിൽ നിയമ പ്രകാരം രണ്ട് രീതിയിലുള്ള തൊഴിൽ കരാൽ ഉണ്ട്. ഒന്ന് ഒരു നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാർ. രണ്ട് അനിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാർ. അതായത് കാലാവധി ഇല്ലാത്ത കരാർ. നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാറിന്‍റെ കാലാവധി എത്രയായിരിക്കണമെന്ന് നിയമത്തിൽ പറയുന്നില്ല. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ധാരണപ്രകാരം ഇത് 1 വർഷം മുതൽ 5 വർഷം വരെയാകാം.
എന്നാൽ ഇത്തരത്തിലുള്ള ചില നിശ്ചിത കരാറുകൾ 5 വർഷം കഴിഞ്ഞാൽ അനിശ്ചിത കാല കരാർ ആയിരിക്കും. സ്വകാര്യ മേഖലയിൽ പ്രത്യേക തൊഴിൽ നിയമമുണ്ട്. ഗവൺമെന്‍റ് മേഖലയിലെ തൊഴിലാളികൾക്ക് വേറെ നിയമവുമാണ്. പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് പ്രൈവറ്റ് സെക്ടറിന്‍റെ നിയമമാണ് ബാധകമാവുക. തൊഴിൽ കരാർ തെറ്റിച്ചാൽ പല നിയമ പ്രശ്നങ്ങളും തൊഴിലാളിക്കും തൊഴിലുടമക്കും ഉണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലുടമക്ക് തൊഴിലാളി നഷ്ടപരിഹാരം വരെ നൽകേ ണ്ടി വരും. ഈ കാര്യത്തിൽ കൂടുതൽ വ്യക്ത വേണമെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകന്‍റെ സഹായം തേടണം.
മെറ്റേർണിറ്റി ലീവ് എത്ര കാലമാണ്
? മെറ്റേർണിറ്റി ലീവ് എത്ര കാലമാണ് ഉണ്ടാവുക. അതിൽ പെയ്ഡ് അവധി എത്ര കാലമാണ് ഉണ്ടാവുക അൺപെയ്ഡ് എത്രയാണ്.
ശമ്പളത്തോട് കൂടെ 60 ദിവസത്തെ പ്രസവ അവധി ലഭിക്കുവാൻ അർഹതയുണ്ട്. അവധി കണക്കാക്കുന്നത് പ്രസവത്തിന് മുമ്പും അത് കഴിഞ്ഞിട്ടുമുള്ള അവധി ദിവസങ്ങളും ചേർത്താണ്. ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. പ്രസവ അവധി കഴിഞ്ഞ് 6 മാസം വരെ കുഞ്ഞിന് മുലയൂട്ടാൻ ഒരു ദിവസം രണ്ട് പ്രാവശ്യം ഓരോ മണിക്കൂർ വീതം ഇടവേള എടുക്കാൻ അർഹതയുണ്ട്. 6 മാസം മുതൽ 1 വർഷം വരെ ഒരു ദിവസം രണ്ട് നേരം 30 മിനുട്ട് വീതം ഇടവേള എടുക്കാനും അർഹതയുണ്ട്. ഈ ഇടവേളകളും തൊഴിൽ നിയമത്തിന്‍റെ ഭാഗമാണ്. തൊഴിലുടമയുടെ ബിസിനസ് താൽപര്യങ്ങൾ കണക്കിലെടുത്തും തൊഴിലാളിയുടെ സാഹചര്യം മാനിച്ചും സമയം ക്രമീകരിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ട്. പ്രസവാവധിയുടെ കൂടെ 15 ദിവസം ശമ്പളമില്ലാതെ അധിക അവധി എടുക്കാനും അർഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

