ബഹ്റൈനിലെ തൊഴിൽ നിയമം
text_fieldsഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും ഉദാരമായ തൊഴിൽ സംസ്കാരമുള്ള രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. പ്രവാസികൾക്ക് മികച്ച തൊഴിലന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന ബഹ്റൈനിൽ, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വ്യക്തമായ നിയമങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജോലി സമയത്തെയും വിശ്രമത്തെയും കുറിച്ചുള്ള വ്യവസ്ഥകൾ.
സാധാരണ ജോലി സമയം
ബഹ്റൈൻ തൊഴിൽ നിയമമനുസരിച്ച് ഒരു തൊഴിലാളിയുടെ ജോലി സമയം കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസം പരമാവധി 10 മണിക്കൂറിൽ കൂടുതൽ ഒരാളെ ജോലി ചെയ്യിപ്പിക്കാൻ പാടില്ല. വിശ്രമവേളകൾ ഉൾപ്പെടെ ഒരു തൊഴിലാളി ഒരു ദിവസം 11 മണിക്കൂറിൽ കൂടുതൽ തൊഴിലിടത്തിൽ ചെലവഴിക്കാൻ പാടുള്ളതല്ല. ജോലിയുടെ സ്വഭാവമനുസരിച്ച് ഇടവിട്ട് ജോലി ചെയ്യുന്നവർക്ക് ഈ പരിധിയിൽ ഇളവുണ്ടെങ്കിലും, അവർ ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ തൊഴിലിടത്തിൽ തുടരാനും പാടില്ല.
വിശ്രമവേളകൾ
തുടർച്ചയായ ജോലി തൊഴിലാളിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ വിശ്രമം നിർബന്ധമാണ്. ജോലി തുടങ്ങി 6 മണിക്കൂർ പൂർത്തിയാകുമ്പോൾ കുറഞ്ഞത് 30 മിനിറ്റ് വിശ്രമം നൽകിയിരിക്കണം. ഈ വിശ്രമ സമയം സാധാരണഗതിയിൽ ജോലി സമയത്തിന്റെ ഭാഗമായി കണക്കാക്കില്ല. ഉദാഹരണത്തിന്, 8 മണിക്കൂർ ജോലിയുള്ള ഒരാൾ 30 മിനിറ്റ് വിശ്രമം കൂടി ചേർത്ത് ആകെ എട്ടര മണിക്കൂർ സ്ഥാപനത്തിൽ ചെലവഴിക്കേണ്ടിവരും.
പ്രതിവാര അവധി
വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി ദിവസം. എന്നാൽ, സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ആഴ്ചയിൽ മറ്റേതെങ്കിലും ദിവസം അവധിയായി നിശ്ചയിക്കാവുന്നതാണ്. ഒരാഴ്ചയിൽ കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായ വിശ്രമം തൊഴിലാളിക്ക് ലഭിച്ചിരിക്കണം. ഒരു തൊഴിലാളിയെക്കൊണ്ട് തുടർച്ചയായി രണ്ട് ആഴ്ചയിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ പാടില്ല. മാസത്തിൽ കുറഞ്ഞത് രണ്ട് അവധികളെങ്കിലും നിർബന്ധമായും നൽകിയിരിക്കണം.
റമദാൻ മാസത്തിലെ പ്രത്യേക ക്രമീകരണം
റമദാൻ മാസത്തിൽ മുസ്ലിം തൊഴിലാളികൾക്ക് ജോലി ഭാരം കുറച്ചിട്ടുണ്ട്. മുസ്ലിം തൊഴിലാളികൾക്ക് പ്രതിദിനം 6 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി ചെയ്താൽ മതിയാകും. മുസ്ലിം ഇതര വിഭാഗത്തിൽപ്പെട്ടവർക്ക് സാധാരണ തൊഴിൽ നിയമങ്ങൾതന്നെയായിരിക്കും ബാധകം.
ഓവർടൈം (അധിക ജോലി സമയം)
സാധാരണ ജോലി സമയത്തിന് പുറമെ ജോലി ചെയ്യേണ്ടിവരുമ്പോൾ തൊഴിലാളിക്ക് അധിക വേതനത്തിന് അർഹതയുണ്ട്. പകൽ സമയം (രാവിലെ 7 മുതൽ വൈകീട്ട് 7 വരെ) ഓവർടൈമിന് സാധാരണ ശമ്പളത്തോടൊപ്പം 25 ശതമാനം അധിക ശമ്പളം നൽകണം. രാത്രിയാണെങ്കിൽ വൈകീട്ട് 7 മുതൽ രാവിലെ 7 വരെയുള്ള സമയത്തെ ജോലിക്ക് സാധാരണ ശമ്പളത്തോടൊപ്പം 50 ശതമാനം അധിക ശമ്പളം നൽകണം. വെള്ളിയാഴ്ചയോ മറ്റു പൊതു അവധി ദിവസങ്ങളിലോ ജോലി ചെയ്യുകയാണെങ്കിൽ സാധാരണ ശമ്പളത്തിന്റെ 150 ശതമാനം അധികമായി നൽകണം. ഇതിന് പകരമായി മറ്റൊരു ദിവസം അവധി നൽകാനും വ്യവസ്ഥയുണ്ട്. ഏത് വേണമെന്ന് തൊഴിലാളിക്ക് തീരുമാനിക്കാം.
ശ്രദ്ധിക്കുക
തൊഴിലുടമ അധികാരപ്പെടുത്തിയ ഏജന്റ് സാധാരണ തൊഴിൽ സമയം തുടങ്ങുമ്പോഴും അത് കഴിഞ്ഞും ജോലി ചെയ്യുന്ന തൊഴിലാളികൾ, സെക്യൂരിറ്റി ഗാർഡ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ബാധകമല്ല. അനുബന്ധ വ്യവസ്ഥകൾ പ്രകാരം ഇവരുടെ തൊഴിൽ സമയം, വിശ്രമം, ഓവർടൈം എന്നിവ തീരുമാനിക്കാം. വ്യവസ്ഥകൾ പ്രകാരം ചില ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് പരമാവധി ജോലി സമയം നിശ്ചയിക്കാൻ തൊഴിൽ മന്ത്രാലയത്തിന് അധികാരമുണ്ട്. ഇത് തൊഴിലിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും അനുസരിച്ചായിരിക്കും. തൊഴിലുടമകൾ ഈ നിയമങ്ങളും സമയക്രമവും വ്യക്തമാക്കുന്ന നോട്ടീസ് ബോർഡ് എല്ലാ തൊഴിലാളികൾക്കും കാണാൻ പാകത്തിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

