കാലാവധി തീരും മുമ്പ് പിരിച്ചുവിട്ടു; ബഹ്റൈൻ പ്രവാസി തൊഴിലാളിക്ക് 1,500 ദീനാർ നഷ്ടപരിഹാരം നൽകാൻ ലേബർ കോടതി വിധി
text_fieldsമനാമ: നിശ്ചിത കാലയളവിലേക്കുള്ള കരാർ പൂർത്തിയാകുന്നതിന് മുമ്പ് മതിയായ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട പ്രവാസി തൊഴിലാളിക്ക് 1,500 ബഹ്‌റൈൻ ദിനാറിലധികം നഷ്ടപരിഹാരം നൽകാൻ ലേബർ കോടതി കമ്പനിയോട് ഉത്തരവിട്ടു. തൊഴിലാളിയെ പിരിച്ചുവിട്ടത് ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി കണ്ടെത്തി. കോടതി വിധി പ്രകാരം, തൊഴിലാളിക്ക് നൽകാത്ത ശമ്പള ഇനത്തിൽ 333 ദീനാറും നോട്ടീസ് കാലയളവിനുള്ള തുകയായ 100 ദീനാറും വാർഷിക ലീവ് ആനുകൂല്യമായി 267 ദീനാറും ഇതിന് അവകാശം ലഭിച്ച തീയതി മുതൽ 1% പലിശയും ലഭിക്കും.
കൂടാതെ സേവനം അവസാനിപ്പിച്ചതിനുള്ള നഷ്ടപരിഹാരമായി 800 ദീനാറുമാണ് ലഭിക്കുക. മടക്ക വിമാന ടിക്കറ്റിന്റെ ചിലവും കോടതി ഫീസും അഭിഭാഷകന്റെ ചിലവുകളും കമ്പനി വഹിക്കണം. വൈകിയ ശമ്പളത്തിന് ആദ്യ ആറ് മാസത്തേക്ക് പ്രതിവർഷം 6% പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. അതിനുശേഷം, ഓരോ മാസത്തെ കാലതാമസത്തിനും ഒരു ശതമാനം വീതം പലിശ വർധിക്കുകയും ചെയ്യും. ഇത് പ്രതിവർഷം 12% എന്ന നിരക്കിൽ പരിമിതപ്പെടുത്തും.
കേസ് രേഖകൾ അനുസരിച്ച്, തൊഴിലാളി പ്രതിമാസം 100 ദീനാർ ശമ്പളത്തിൽ ഒരു വർഷത്തെ കരാറിലാണ് ജോലിയിൽ പ്രവേശിച്ചത്. സാധാരണ സമയപരിധിക്ക് പുറമെ, അവധി ദിവസങ്ങളിലും വിശ്രമ ദിനങ്ങളിലും താൻ ജോലി ചെയ്തിരുന്നു. എന്നാൽ ശമ്പളമോ വിശദീകരണമോ കൂടാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
അഭിഭാഷക സാഹിദ അൽ സയ്യിദ് വഴി, മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക, ഓവർടൈം വേതനം, ലീവ് ആനുകൂല്യങ്ങൾ, അന്യായമായി പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം, വൈകിയ തുകകൾക്കുള്ള പലിശ, സർവീസ് സർട്ടിഫിക്കറ്റ്, നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവ തൊഴിലാളി ആവശ്യപ്പെട്ടിരുന്നു. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുന്ന ലേബർ കോടതിയുടെ പ്രധാനപ്പെട്ട ഒരു വിധിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

