വിമാന വിലക്ക്: ബഹ്റൈനിൽ സംസ്കരിച്ചത് ആറ് മലയാളികളുടെ മൃതദേഹങ്ങൾ
text_fieldsമനാമ: കോവിഡ് രോഗ വ്യാപനത്തെത്തുടർന്നുള്ള വിമാന വിലക്ക് കാരണം ബഹ്റൈനിൽതന്നെ സംസ്കരിച്ചത് ആറ് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ. സാമൂഹിക പ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഒാരോരുത്തരുടെയും മതാചാരങ്ങൾ അനുസരിച്ചാണ് എല്ലാ മൃതദേഹങ്ങളും സംസ്കരിച്ചത്. കേരളത്തിൽനിന്നുള്ള ലത നാരായണൻ, മാളവിക മനോജ്, രാജേന്ദ്രൻ നീലേശ്വരം, ചെല്ലപ്പൻ കുറുപ്പ്, കുഞ്ഞഹമ്മദ് ഹാജി, അബ്ദുൽ സത്താർ, കർണാടകയിൽനിന്നുള്ള ശംശാദ അബുൽ റഫീക്ക്, അൻവർ എന്നിവർക്കാണ് ബഹ്റൈനിൽ അന്ത്യവിശ്രമം ഒരുങ്ങിയത്.
രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ നേരത്തെ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രയാസം കണക്കിലെടുത്താണ് വീട്ടുകാരുടെ സമ്മതത്തോടെ എട്ടുപേരുടെ മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് സംസ്കാരം ഇവിടെയാക്കാൻ വീട്ടുകാർ സമ്മതിക്കുകയായിരുന്നു.
സഹ പ്രവാസികളോട് കൂറും സ്നേഹവും പ്രകടമാക്കി എല്ലാവരും യോജിച്ച് പ്രവർത്തിച്ചത് ബഹ്റെനിലെ മുഴുവൻ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറയും യശസ്സ് ഉയർത്തിയെന്ന് പ്രവാസി കമീഷൻ അംഗവും െഎ.സി.ആർ.എഫ് മോർച്ചറി വിഭാഗം ഇൻചാർജുമായ സുബൈർ കണ്ണൂർ പറഞ്ഞു. െഎ.സി.ആർ.എഫും മറ്റ് സാമൂഹിക സംഘടനകളും ഈ ദൗത്യത്തിൽ പങ്കുചേർന്നു. ദുരിതഘട്ടങ്ങളിൽ സഹായവുമായി ഒാടിയെത്തുന്ന ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലാണ് ഇവിടെ കാണാൻ കഴിഞ്ഞത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സേവനരംഗത്ത് കൈകോർക്കുന്ന സന്നദ്ധപ്രവർത്തകർ കോവിഡ് കാലത്തും രാപ്പകലില്ലാതെ കർമരംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
