കുവൈത്ത് ഫിനാൻസ് ഹൗസ്-ബഹ്റൈനും ഇൻജാസ് ബഹ്റൈനും സഹകരണത്തിന്
text_fieldsമനാമ: രാജ്യത്തെ പ്രമുഖ ഇസ്ലാമിക് ബാങ്കുകളിലൊന്നായ കുവൈത്ത് ഫിനാൻസ് ഹൗസ് ബഹ്റൈൻ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഡിജിറ്റൽ ബാങ്കിങ്ങിനെയും സാമ്പത്തിക സാക്ഷരതയെയും കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ഇൻജാസ് ബഹ്റൈനുമായി സഹകരിക്കുന്നു. വിജ്ഞാനപ്രദമായ ബാങ്കിങ് വർക്ക്ഷോപ്പുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സാമ്പത്തിക സാക്ഷരത, വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് എന്നിവ സംബന്ധിച്ച് ക്ലാസുകളുണ്ടായിരിക്കും.
ഇത് വിദ്യാർഥികളെ അവരുടെ സ്വകാര്യ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കും. വരുമാനം, ബജറ്റിങ്, സേവിങ്സ്, ക്രെഡിറ്റ് കാർഡുകൾ എന്നിങ്ങനെ പ്രധാന വിഷയങ്ങളിൽ പങ്കെടുക്കുന്നവർക്ക് അറിവ് ലഭിക്കും. സ്മാർട്ട് ഷോപ്പിങ് പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ പർച്ചേസിങ് ശീലങ്ങളെക്കുറിച്ചും വിദ്യാർഥികളെ ബോധവത്കരിക്കാനും ശിൽപശാലകൾ സഹായിക്കും.
യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനും പദ്ധതി സഹായകരമാണെന്ന് ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സൻ ശൈഖ ഹെസ്സ ബിൻത് ഖലീഫ ആൽ ഖലീഫ പറഞ്ഞു. വിദ്യാർഥികൾക്ക് ബോധവത്കരണം നടത്താനുള്ള ശ്രമങ്ങളിൽ സഹകരിച്ചതിന് ഇൻജാസ് ബഹ്റൈന് നന്ദി പറയുകയാണെന്ന് കുവൈത്ത് ഫിനാൻസ് ഹൗസ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അബ്ദുൽഹക്കീം യാക്കൂബ് അൽഖയ്യത്ത് പറഞ്ഞു. രാജ്യത്തിന്റെ വളർച്ചക്കും സമൃദ്ധിക്കും സംഭാവനചെയ്യുക എന്ന ഉദ്ദേശ്യമാണ് പരിപാടിക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

