കുവൈത്ത്-ബഹ്റൈൻ സഹകരണം ശക്തമാക്കും
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ശൈഖ്
ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിനെ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ചപ്പോൾ
മനാമ: കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിനെ, ഹമദ് രാജാവ് അൽ സാഖിർ കൊട്ടാരത്തിൽ സ്വീകരിച്ചു. കുവൈത്ത് അമീറിന്റെ ആശംസകൾ ശൈഖ് ഫഹദ്, ഹമദ് രാജാവിനെ അറിയിച്ചു.
കുവൈത്തിനും ജനങ്ങൾക്കും ഹമദ് രാജാവ് അഭിവൃദ്ധിയും ആശംസകളും നേർന്നു. ബഹ്റൈൻ -കുവൈത്ത് ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ കുവൈത്ത് അമീർ വഹിക്കുന്ന പങ്കിനെയും ഗൾഫ്, അറബ് സംയുക്ത സഹകരണത്തിന് അദ്ദേഹം സ്വീകരിക്കുന്ന നടപടികളെയും ഹമദ് രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങളുടെയും മേഖല നേരിടുന്ന വെല്ലുവിളികളുടെയും വെളിച്ചത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് ഹമദ് രാജാവ് അടിവരയിട്ട് പറഞ്ഞു.
ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ജനതകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ രാജാവിന്റെ പ്രയത്നങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിനെ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായും ശൈഖ് ഫഹദ് കൂടിക്കാഴ്ച നടത്തി. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ബന്ധത്തെ, പ്രത്യേകിച്ച് ആഭ്യന്തര മേഖലയിലെ അടുപ്പത്തെ ശൈഖ് ഫഹദ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ സുരക്ഷ വെല്ലുവിളികളും കുറ്റകൃത്യങ്ങളും നേരിടാനും പരസ്പര സന്ദർശനങ്ങളുടെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. ഇരു മന്ത്രിമാരും പരസ്പരം ബഹുമതികളും കൈമാറി. മറ്റു മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

