സംഗീതപ്രേമികൾക്കായി ‘സ്വരലയം’ സംഗീത കൂട്ടായ്മക്ക് രൂപംനൽകി കെ.എസ്.സി.എ
text_fields‘സ്വരലയം’ സംഗീത കൂട്ടായ്മ രൂപവത്കരണ പരിപാടിയിൽ നിന്ന്
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (എൻ.എസ്.എസ് ബഹ്റൈൻ) ആഭിമുഖ്യത്തിൽ സംഗീത പ്രേമികൾക്കായി ‘സ്വരലയം’ എന്ന പേരിൽ ഒരു സംഗീത കൂട്ടായ്മക്ക് രൂപം നൽകി. കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന ഔപചാരിക ചടങ്ങിൽ കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ ഭദ്രദീപം കൊളുത്തി സ്വരലയം കൂട്ടാഴ്മ ഉദ്ഘാടനം ചെയ്തു.
സംഗീതത്തെ പ്രണയിക്കുന്ന ഏതൊരാൾക്കും ഈ കൂട്ടായ്മയിലേക്ക് കടന്നുവരാൻ അവസരം ഉണ്ടാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ ആഴ്ചയിലും പാട്ടുകളെപ്പറ്റി ചർച്ച ചെയ്യുകയും പാടാൻ ആഗ്രഹമുള്ളവർക്ക് മികച്ച സൗണ്ട് സിസ്റ്റത്തോടെയുള്ള വേദി ഒരുക്കുകയും ചെയ്യും. കൂടാതെ കൂട്ടായ്മയിൽ കടന്നുവരുന്നവരുടെ രചനകൾ ഈണമിട്ട് അവതരിപ്പിക്കുക, സംഗീതത്തെപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനും താൽപര്യമുള്ളവർക്ക് പ്രാഥമിക പാഠങ്ങൾ നൽകുക എന്നതൊക്കെയാണ് സ്വരലയത്തിന്റെ ലക്ഷ്യങ്ങൾ.
ജനറൽ സെക്രട്ടറി അനിൽ പിള്ള ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്വരലയത്തെ നയിക്കുന്ന രാജീവ് വെള്ളിക്കോത്ത് സ്വരലയം കടന്നുവന്ന വഴിയും, അതിന്റെ ഉദ്ദേശ്യ ലക്ഷ്യവും വിവരിച്ച് സദസ്സിൽ സംഗീതവും പാട്ടുകളും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നത് വിശദീകരിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ, ലേഡീസ് വിങ് പ്രസിഡന്റ് രമ സന്തോഷ്, മുൻ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ എന്നിവർ സ്വരലയത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സ്വരലയം കൂട്ടായ്മയിലെ കലാപ്രേമികൾ നിരവധി ഗാനങ്ങൾ ആലപിച്ചു. ലേഡീസ് വിങ് സെക്രട്ടറിയും സ്വരലയം കോഓഡിനേറ്ററുമായ സുമ മനോഹർ നന്ദി പറഞ്ഞു. ഡോ. ബിന്ദു നായർ എം.സി ചടങ്ങുകൾ നിയന്ത്രിച്ചു. സ്വരലയത്തിൽ സംബന്ധിക്കുന്നതിനും വിശദ വിവരങ്ങൾക്കും കോഓഡിനേറ്റർ സുമ മനോഹർ 39147270 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

