മലയാളികളുടെ മഞ്ഞൾ പ്രസാദം; കെ.എസ്. ചിത്രയുടെ 60ാം പിറന്നാൾ ആഘോഷിച്ച് പ്രവാസലോകവും
text_fieldsമനാമ: പത്തരമാറ്റുള്ള പുഞ്ചിരിയിലൂടെയും ഭാവാർദ്ര ഗാനങ്ങളിലൂടെയും മലയാളത്തിന്റെ വാനമ്പാടിയായി മാറിയ കെ.എസ്. ചിത്രയുടെ 60ാം പിറന്നാൾ ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുമ്പോൾ അതിനൊപ്പം ചേരുകയാണ് പ്രവാസലോകവും. മലയാള ഗാനങ്ങളുടെ ബ്രാൻഡ് അംബാസഡറായുള്ള ചിത്രയുടെ വളർച്ചക്കൊപ്പം പ്രവാസലോകവും എന്നും കാത് കൂർപ്പിച്ചിരുന്നിട്ടുണ്ട്. ചിത്രയുടെ ഗാനമേളകൾ എന്നും കേൾക്കുമ്പോൾ ഓടിയെത്തുന്ന പ്രവാസഭൂമികളിലെ ജനാവലി ആ ആരാധനയുടെ ജീവനുള്ള തെളിവുകളാണ്. എല്ലാ താരങ്ങൾക്കും ആരാധകരും അതുപോലെ തന്നെ ഹേറ്റേഴ്സുമുണ്ട് എന്നതാണ് ആധുനിക കാലത്തിന്റെ ദുര്യോഗം. എന്നാൽ ഹേറ്റേഴ്സ് ഇല്ലാത്ത അപൂർവം കലാകാരന്മാരിലൊരാളായിരിക്കും കെ.എസ്. ചിത്ര. വിനയാന്വിതമായ പെരുമാറ്റമാണ് ആ ശബ്ദത്തോടൊപ്പം ജനത്തിന്റെ ഓർമയിൽ തെളിയുക. അതുകൊണ്ടുതന്നെ വിദേശികളുടെ ഇടയിലും കെ.എസ്. ചിത്ര എന്ന പേര് സുപരിചിതമാണ്.
നാല് പതിറ്റാണ്ടിലേറെ മലയാളിയെ സംഗീതമഴയിൽ കുളിർപ്പിച്ചുകൊണ്ടിരിക്കുന്ന കെ.എസ്. ചിത്രയുടെ സംഗീത ജീവിതത്തിന് സ്നേഹസമർപ്പണമായി കഴിഞ്ഞവർഷം ‘മാധ്യമം’ കോഴിക്കോട് ‘ചിത്രവർഷങ്ങൾ’ ഗാനാഞ്ജലി നടത്തിയിരുന്നു. ഖത്തറിലും യു.എ.ഇയിലും ‘ഗൾഫ്മാധ്യമം’ സംഘടിപ്പിച്ച ‘ചിത്രവർഷങ്ങൾ’ പരിപാടി ഇന്നും പ്രവാസികളുടെ മനസ്സിൽ മായാതെ നിൽക്കുന്നതാണ്. റിയാദിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച അഹ്ലൻ കേരളയിൽ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ഗാനം പാടിയ കെ.എസ്. ചിത്രക്കൊപ്പം ‘തോം തോം തോം’ എന്ന് അനുപല്ലവി പാടുന്ന സൗദി യുവഗായകൻ അഹ്മദ് സുൽത്താന്റെ പ്രകടനം ഇന്നും യൂട്യൂബിൽ ജനലക്ഷങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.
ബഹ്റൈനിൽ നിരവധി തവണ ഗാനപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ചിത്ര സെപ്റ്റംബർ 15ന് വീണ്ടും പവിഴദ്വീപിലെത്തുന്നുണ്ട്. കേരളീയ സമാജത്തിൽ രാത്രി 7.30 ന് നടക്കുന്ന ബോളിവുഡ് നൈറ്റാണ് ചിത്രയുടെ സ്വരമാധുരി കൊണ്ട് സമ്പന്നമാകാൻ പോകുന്നത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിൽ ജനിച്ച കെ.എസ്. ചിത്രയെ സിനിമ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി. രാധാകൃഷ്ണനാണ്.
അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച് എം.ജി. രാധാകൃഷ്ണൻ ഈണമിട്ട രജനീ പറയൂ.... എന്ന ഗാനമാണ് ചിത്രയുടെ ആദ്യ ഹിറ്റ്. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ ഇളയരാജ ചിത്രയെ തമിഴ്നാട്ടുകാർക്ക് പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലെ ‘പാടറിയേൻ പഠിപ്പറിയേന്‍’... എന്ന പാട്ടിലൂടെ തമിഴ്നാട്ടുകാരുടെ മനസ്സ് കീഴടക്കി.
ആറു ദേശീയ പുരസ്കാരങ്ങളും 15 സംസ്ഥാന പുരസ്കാരങ്ങളുമാണ് ചിത്രയെ തേടിയെത്തിയത്. ആന്ധ്ര , തമിഴ്നാട്, കർണാടക, ഒഡിഷ സർക്കാറുകളുടേതടക്കം 2005ൽ പത്മശ്രീയും 2021ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. വിവിധ ഭാഷകളിലായി 25,000 ലേറെ പാട്ടുകൾ പാടി. മലായ്, ലാറ്റിൻ, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലടക്കം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ സംഗീതമഭ്യസിച്ച ചിത്ര ശാസ്ത്രീയസംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹൗസ് ഓഫ് കോമണ്‍സില്‍വെച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരമേറ്റു വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ചിത്ര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.