കെ.പി.എ മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) അംഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത കെ.പി.എ മെമ്പേഴ്സ് പോർട്ടലിന്റെയും, മൊബൈൽ അപ്പിന്റെയും ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഹർഷ ശ്രീഹരി പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ചിങ് നിർവഹിച്ചു.
അംഗങ്ങൾക്ക് അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാനും വിവിധ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. അംഗത്വ അപേക്ഷ, അംഗങ്ങളുടെ വിവരങ്ങൾ തിരയൽ തുടങ്ങി നിരവധി സൗകര്യങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോർട്ടലിന്റെ സവിശേഷതകളും പ്രവർത്തനരീതികളും കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ചടങ്ങിൽ വിശദീകരിച്ചു. അംഗങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ഡിജിറ്റൽ സംരംഭം കെ.പി.എയുടെ പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്.

