മർദനമേറ്റ് കോഴിക്കോട് സ്വദേശിയുടെ മരണം: വിചാരണ തുടങ്ങി
text_fieldsബഷീർ
മനാമ: കടയിൽനിന്ന് സാധനം വാങ്ങി പണംനൽകാതെ പോയത് ചോദ്യം ചെയ്തതിനെത്തുടർന്ന് മർദനമേറ്റ് കോഴിക്കോട് സ്വദേശി മരിച്ച സംഭവത്തിൽ വിചാരണ തുടങ്ങി.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.പരിക്കേറ്റ് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58 )മരിച്ചത്. ബോധരഹിതനായ നിലയിലാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. റിഫ ഹാജിയത്തിൽ 25 വർഷത്തോളം കോൾഡ് സ്റ്റോർ നടത്തി വരുകയായിരുന്ന ബഷീറിനെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കടയിൽ നിന്ന് സാധനങ്ങൾ പണം നൽകാതെ എടുത്തുകൊണ്ടുപോയത് ചോദ്യം ചെയ്തപ്പോഴാണ് മർദനമേറ്റതെന്ന് സാക്ഷി മൊഴിയുണ്ട്. എന്നാൽ പ്രതി കോടതിക്കുമുന്നിൽ കുറ്റം നിഷേധിച്ചു.
പ്രതിക്കെതിരെ സമാനമായ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ ഏപ്രിൽ ഒന്നിന് തുടരും.

