പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്
text_fieldsപ്രവാസിശ്രീ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ 'പ്രവാസിശ്രീ' എന്ന പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 10 യൂനിറ്റുകള്‍ നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ബാൻസാങ്തായി പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങിൽ ഐ.സി.ആര്.എഫ് ചെയര്മാന് ഡോ. ബാബു രാമചന്ദ്രന് പദ്ധതി ഉദ്ഘാടനം ചെയ്തു.
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. കേരള പ്രവാസി കമീഷന് അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണവും മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന് സ്ത്രീശാക്തീകരണ പ്രഭാഷണവും നടത്തി. പ്രവാസിശ്രീയുടെ പ്രവര്‍ത്തന രേഖ യൂനിറ്റ് കണ്‍വീനര്‍മാര്‍ക്ക് രാജി ഉണ്ണികൃഷ്ണന് കൈമാറി. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ട്രഷറര്‍ രാജ് കൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സമ്മേളനത്തിന് മിഴിവേകി. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിത അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കുമെന്ന് നിസാര്‍ കൊല്ലം അറിയിച്ചു. കുടുംബ സംഗമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിങ്, കൃഷി, പാചകം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

