ജീവകാരുണ്യ മേഖലയിൽ കെ.എം.സി.സിയുടെ പങ്ക് നിസ്തുലം -കെ.കെ. രമ
text_fieldsകെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കെ.എം.സി.സി നടത്തുന്ന സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ് കെ.എം.സി.സിയെന്നും വടകര എം.എൽ.എ കെ.കെ. രമ പറഞ്ഞു. ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യസേവനമാണ് കെ.എം.സി.സി ലക്ഷ്യമിടുന്നതെന്ന് കെ.കെ. രമ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിലുണ്ടാകുന്ന ഇടപെടലുകൾ, ചികിത്സ സഹായങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവർക്കും കൈത്താങ്ങാകാൻ കെ.എം.സി.സിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹം നാടിനോടുള്ള ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കണമെന്ന് കെ.എം.സി.സി പ്രവർത്തനങ്ങൾ തെളിയിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് രക്തദാന ക്യാമ്പുകൾ പോലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണെന്നും എം.എൽ.എ പറഞ്ഞു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്കും പ്രചോദനമാണെന്നും അവർ അഭിപ്രായപ്പെട്ടു.
മെഗാ രക്തദാന ക്യാമ്പിൽ ഇരുന്നൂറിലധികം സന്നദ്ധ പ്രവർത്തകരും രക്തദാതാക്കളും പങ്കെടുത്തു. സൽമാനിയ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചത്.
ബഹ്റൈൻ കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് എ.പി ഫൈസൽ അധ്യക്ഷനായിരുന്നു. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഭാരവാഹികളായ റഫീഖ് തോട്ടക്കര, സലീം തളങ്കര, സഹീർ കാട്ടാം വള്ളി, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിലപ്പീടിക, നാസർ എസ്.കെ, ഹെൽത്ത് വിങ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി, ഒ.കെ. കാസിം, പി.കെ. ഇസ്ഹാഖ്, കെ.ആർ. ശിഹാബ്, അലി അഖ്ബർ, നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും ഹെൽത്ത് വിങ് ചെയർമാൻ എൻ.കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

