കാലിഗ്രഫിയിൽ ലോക റെക്കോഡ് നേടിയ ജസീം ഫൈസിയെ ആദരിച്ച് കെ.എം.സി.സി തിരൂർ മണ്ഡലം കമ്മിറ്റി
text_fieldsജസീം ഫൈസി ചെറുമുക്കിനെ കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ആദരിക്കുന്നു
മനാമ: ഏറ്റവും നീളം കൂടിയ ഖുർആന്റെ കൈയെഴുത്ത് പ്രതിയിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീം ഫൈസിയെ ആദരിച്ച് കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി. ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയതായിരുന്നു അദ്ദേഹം. ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് ഗബ്രിയേലിന്റെ ഗിന്നസ് റെക്കോഡ് തകർത്താണ് മുഹമ്മദ് ജസീം ലോക റെക്കോഡ് സ്വന്തമാക്കിയത്. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായെത്തുന്നത്. പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ജാസിം മലപ്പുറം ജില്ലയിലെ തിരൂർ ചെമ്പ്ര അൽ ഈഖാള് ദർസ് വിദ്യാർഥി കൂടിയാണ്. വെന്നിയൂർ സ്വലാഹുദ്ദീൻ ഫൈസി ഉസ്താദിന്റെ കീഴിൽ പതിറ്റാണ്ടുകളോളം ദർസ് പഠനം നടത്തിക്കൊണ്ടിരിക്കുമ്പോളാണ് അറബി കാലിഗ്രഫിയിൽ മികവ് തെളിയിക്കുന്നത്. മനാമയിലെ സെഖയ്യയിൽ കാലിഗ്രഫി വർക്ക്ഷോപ്പ് നടത്താൻ വേണ്ടി എത്തിയതായിരുന്നു ജസീം. നിലവിൽ യു.എ.ഇയിലെ ഷാർജയിലാണ് ജോലി ചെയ്യുന്നത്. കൂടെ ഓൺലൈനായും ഓഫ് ലൈനായും വിദ്യാർഥികൾക്കുവേണ്ടി കാലിഗ്രഫി പഠിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് ദുബൈ ഗോൾഡൻ വിസ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ജസീം ഫൈസിക്ക് കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി വി.കെ റിയാസ് ഓളവട്ടൂർ, തിരൂരങ്ങാടി മണ്ഡലം ഭാരവാഹി ജാഫർ തറമ്മൽ പുതുപറമ്പ്, കോട്ടക്കൽ മണ്ഡലം ട്രഷറർ അഹ്മദ് കുട്ടി കരേക്കാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മലപ്പുറം ജില്ല ഭാരവാഹികളായ ഉമ്മർ കൂട്ടിലങ്ങാടി, ശിഹാബ് പൊന്നാനി, ഷാഫി കോട്ടക്കൽ, മഹ്റൂഫ് ആലുങ്ങൽ, മുജീബ് മലപ്പുറം, മൊയ്ദീൻ കൂട്ടിലങ്ങാടി, ഷഹീൻ പകര, കെ.എം.സി.സി ഓഫീസ് സ്റ്റാഫ് നാസിം തന്നട എന്നിവർ പങ്കെടുത്തു. കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം മണ്ഡലം ജനറൽ സെക്രെട്ടറി എം. മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ കുറ്റൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

