കെ.എം.സി.സി സോഷ്യൽ സ്കീം 8.75 ലക്ഷം രൂപ നൽകി
text_fieldsകെ.എം.സി.സി സോഷ്യൽ സ്കീമിൽനിന്നുള്ള സഹായം വിതരണം ചെയ്യുന്നു
മനാമ: ബഹ്റൈൻ കെ.എം.സി.സി അൽ-അമാന സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങൾക്കുള്ള എട്ടുലക്ഷം രൂപ ധനസഹായവും മൂന്നുപേർക്കുള്ള ചികിത്സ സഹായവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ജില്ല, ഏരിയ ഭാരവാഹികൾക്ക് കൈമാറി.
കെ.എം.സി.സി അംഗങ്ങൾക്ക് ഈ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങൾ നൽകിവരുന്നു. ഇതിൽ അംഗമായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വരെയും പ്രതിമാസം 4000 രൂപ വരെയുള്ള പെൻഷൻ പദ്ധതിയും 25,000 രൂപ വരെയുള്ള ചികിത്സ സഹായവും അൽഅമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ പ്രധാന ആനുകൂല്യങ്ങളാണ്. കൂടാതെ അംഗങ്ങൾക്ക് നാട്ടിലെയും ബഹ്റൈനിലെയും വിവിധ ഹോസ്പിറ്റലുകളുമായി ചേർന്നുള്ള ആനുകൂല്യങ്ങൾ ഭാവിയിൽ പദ്ധതിയുടെ ഭാഗമാകും.
മനാമ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ, അമാന വർക്കിങ് ചെയർമാൻ എ.പി. ഫൈസൽ, കൺവീനർ പി.വി. മൻസൂർ, ട്രഷറർ അഷ്റഫ് റിയ തുടങ്ങിയവരും പങ്കെടുത്തു.

