യു.പി സ്വദേശിക്ക് കെ.എം.സി.സി കൈത്താങ്ങ്
text_fieldsമനാമ: രണ്ട് വർഷമായി ജോലിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലായിരുന്ന ഉത്തർപ്രദേശ് കുശിനഗർ സ്വദേശിക്ക് സഹായഹസ്തവുമായെത്തി കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് രിഫാ ഏരിയ കമ്മിറ്റി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും ധനസഹായവുമാണ് കെ.എം.സി.സി കൈമാറിയത്.
കഴിഞ്ഞ 13 വർഷമായി ബഹ്റൈനിലെ ഒരു കമ്പനിയിൽ ഹെൽപ്പർ ജോലി ചെയ്തുവരുകയായിരുന്നു സഹീം അൻസാരി. പ്രതിമാസം 80 ദീനാർ മാത്രം ശമ്പളമായി ലഭിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും അഞ്ച് മക്കളുമടങ്ങിയ കുടുംബം നാട്ടിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല. കമ്പനി അടച്ചുപൂട്ടിയതോടെ രണ്ട് വർഷത്തോളമായി ജോലിയില്ലാതെ, വെള്ളവും വൈദ്യുതിയും ഇല്ലാത്ത മുറിയിലായിരുന്നു താമസം. ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സുമനസ്സുകളുടെ സഹായത്താലാണ് കഴിഞ്ഞുപോയിരുന്നത്. പ്രതികൂല കാലാവസ്ഥയിൽ പലപ്പോഴും മസ്ജിദുകളിലാണ് ഇദ്ദേഹം അഭയം തേടിയിരുന്നത്.
ചില സുമനസ്സുകളുടെ സഹായത്തോടെ എൽ.എം.ആർ.എ വിസയിൽ ബഹ്റൈനിൽ തുടരാൻ ശ്രമിച്ചെങ്കിലും, മെഡിക്കൽ ഫിറ്റ് അല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈസ്റ്റ് രിഫാ കെ.എം.സി.സിയുടെ സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സഹീം അൻസാരിക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ധനസഹായവും കൈമാറി.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ്, ഈസ്റ്റ് രിഫാ ജനറൽ സെക്രട്ടറി അഷ്റഫ് ടി.ടി, ഭാരവാഹികളായ ഷമീർ വി.എം, കുഞ്ഞഹമ്മദ് പി.വി, ഉസ്മാൻ ടിപ് ടോപ്, നിസാർ മാവിലി, മുസ്തഫ കെ, താജുദ്ദീൻ പി, ആസിഫ് കെ.വി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സഹായം നൽകിയ എല്ലാവർക്കും നിറകണ്ണുകളോടെ നന്ദി അറിയിച്ച സഹീം അൻസാരിയെ ഇന്നലെ വൈകീട്ടുള്ള ഡൽഹി വിമാനത്തിൽ നാട്ടിലേക്ക് യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

