കെ.എം.സി.സി സമൂഹരക്തദാന ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം
text_fieldsകെ.എം.സി.സി ബഹ്റൈന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37ാമത് സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 140 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. 'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഢ്യമാണ്' എന്നതായിരുന്നു ഈ വര്‍ഷത്തെ രക്തദാന സന്ദേശം. വളരെ ഭംഗിയായി രക്തദാന ക്യാമ്പ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വര്‍ഷംതോറും ഇത്തരം ക്യാമ്പുകളുടെ പ്രസക്തി വര്‍ധിച്ചുവരുകയാണെന്നും കെ.എം.സി.സി ബഹ്റൈന്‍ നേതാക്കള്‍ പറഞ്ഞു.
ജീവന് രക്ഷിക്കാനും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് സംഘടന. ക്യാമ്പിന് കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസല്‍, സലിം തളങ്കര, ഷാഫി പാറക്കട്ട, ഉസ്മാന് ടിപ്ടോപ്, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, ഒ.കെ. കാസിം, കെ.കെ.സി. മുനീര്‍, ഷെരീഫ് വില്യാപ്പള്ളി, നിസാര്‍ ഉസ്മാന്, അഷ്റഫ് കാട്ടിൽപീടിക എന്നിവര്‍ നേതൃത്വം നല്കി.
2009ലാണ് കെ.എം.സി.സി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5600ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്തദാനം നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിന് മാത്രമായി www.jeevasparsham.com വെബ്സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

