പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം- ഡെപ്യൂട്ടി സ്പീക്കർക്ക് കെ.എം.സി.സി ബഹ്‌റൈൻ നിവേദനം നൽകി
text_fieldsമനാമ: പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എം.സി.സി ബഹ്‌റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
ബഹ്‌റൈൻ കെ.എം.സി.സി ആസ്ഥാനത്ത് നൽകിയ സ്വീകരണ ചടങ്ങിൽ നിവേദനം ഏറ്റുവാങ്ങിയ ഡെപ്യൂട്ടി സ്പീക്കർ, പ്രവാസികളുടെ വിഷയങ്ങൾ വിശദമായി കേൾക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉടൻ ചർച്ച നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ വിഹിതം അടച്ചുവരുന്ന അംഗങ്ങൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണം. കുടിശ്ശിക അടച്ചുതീർക്കാൻ അവസരം നൽകി പെൻഷൻ അനുവദിക്കാൻ അടിയന്തര നടപടി വേണം. പെൻഷൻ അപേക്ഷകളിൽ നിലവിലുള്ള ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കാലതാമസം ഒഴിവാക്കി, ഒന്നു മുതൽ രണ്ടു മാസത്തിനകം പെൻഷൻ അനുവദിക്കുന്ന രീതി നടപ്പാക്കണം.
അനുവദിച്ച് ലഭിച്ച പെൻഷൻ തുകയും നിലവിൽ കുടിശ്ശികയായി കിടക്കുന്ന തുകകളും സമയബന്ധിതമായി വിതരണം ചെയ്യണം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടുന്നതിനുള്ള പ്രായപരിധി 60 വയസ്സിൽ നിന്ന് 70 വയസ്സായി ഉയർത്തണം. ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവക്കുളള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി അർഹരായവർക്ക് സഹായം ലഭ്യമാക്കണം തുടങ്ങിയവയാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഷാഫി പറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക, അസ്സൈനാർ കളത്തിങ്കൽ, കെ.എം.സി.സി ജില്ല-ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ഒ.ഐ.സി.സി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

