കെ.എം.സി.സി ബഹ്റൈന്‍ സമൂഹ രക്തദാനം വെള്ളിയാഴ്ച
text_fieldsകെ.എം.സി.സി ബഹ്റൈന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക സമൂഹ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ രണ്ടുവരെ സല്‍മാനിയ മെഡിക്കല്‍ സെന്‍ററില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ സിഞ്ച് എക്സ്‌ചേഞ്ചുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് വൈസ് പ്രസിഡന്‍റും ഹെൽത്ത് വിങ് ചെയർമാനുമായ ഷാഫി പാറക്കട്ട പറഞ്ഞു.
ട്രാവല്‍ ടൂറിസം സ്ഥാപനമായ ജേര്‍ണീസ് വേള്‍ഡ് കോ സ്‌പോണ്‍സറാണ്. 37ാമത് രക്തക്യാമ്പാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. 'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഢ്യമാണ്' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം.
രക്തദാനത്തിലൂടെ ജീവന്‍ രക്ഷിക്കുന്നതിനും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തുമെന്ന് ജീവസ്പർശം ഇൻചാർജ് എ.പി. ഫൈസൽ പറഞ്ഞു. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് 'ജീവസ്പര്‍ശം' എന്നപേരില്‍ 13 വര്‍ഷമായി കെ.എം.സി.സി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ക്യാമ്പുകളുടെ എണ്ണം 40 തികക്കുക എന്നതാണ് ലക്ഷ്യമെന്ന് കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കൈപ്പമംഗലം പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിസംബറിൽ മൂന്ന് ക്യാമ്പുകൾ നടത്തും. കോവിഡ് കാലത്ത് തുടർച്ചയായി 10 ദിവസം രക്തദാനം നടത്തിയിരുന്നു.
2009ലാണ് കെ.എം.സി.സി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5600ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്തദാനം നടത്തിയത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്.
രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും 'blood book' എന്ന പേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെ അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ.എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്.
29ന് നടക്കുന്ന ക്യാമ്പിന് മുന്നോടിയായി രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷന്‍ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചുണ്ട്. ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉൾപ്പെടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് 39841984, 3946 4958,39474715, 66353616 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം.
വാര്‍ത്തസമ്മേളനത്തില്‍ ട്രഷറർ റസാഖ് മൂഴിക്കൽ, സിഞ്ച് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോയൽ ഫെർണാണ്ടസ്, കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സെക്രട്ടറി റഫീഖ് തോട്ടക്കര, ഹെൽത്ത് വിങ് കൺവീനർ അഷ്‌റഫ് കാട്ടിൽപീടിക എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

