ബഹ്റൈൻ നിരത്തുകളിൽ താരമായി KL 17 W 2866
text_fieldsലോകസഞ്ചാരത്തിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ മുഹമ്മദ് ഹാഫിസും ഇജാസ് ഇഖ്ബാലും വാഹനത്തിനൊപ്പം
മനാമ: KL 17 W 2866 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കറുത്ത മഹീന്ദ്ര താർ വാഹനമാണ് ഇപ്പോൾ ബഹ്റൈനിലെ നിരത്തുകളിൽ താരം. വലതുവശത്തിരുന്ന് ഓടിക്കുന്ന, കേരള രജിസ്ട്രേഷനിലുള്ള ഈ വാഹനത്തെ കാണാൻ കൗതുകത്തോടെ അടുത്തുകൂടിയവർ ഏറെയാണ്.
ലോകസഞ്ചാരത്തിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ഹാഫിസ് (19), ഇജാസ് ഇഖ്ബാൽ (22) എന്നിവരാണ് ഈ കൗതുകത്തെ ബഹ്റൈൻ മണ്ണിലേക്ക് കൊണ്ടുവന്നത്.
'കേരള ടു ആഫ്രിക്ക' എന്ന പേരിൽ 2021 നവംബർ 25ന് മൂവാറ്റുപുഴക്കടുത്ത പുതുപ്പാടിയിൽനിന്നാണ് ഇവരുടെ യാത്ര ആരംഭിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയും ചലച്ചിത്ര താരം ഷിയാസ് കരീമും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒന്നര വർഷം കൊണ്ട് ജി.സി.സി രാജ്യങ്ങളിലും ആഫ്രിക്കയിലും സഞ്ചരിക്കുകയാണ് അടുത്ത ബന്ധുക്കളായ ഇരുവരുടെയും ലക്ഷ്യം.
കൊച്ചിയിൽനിന്ന് അയച്ച വാഹനം ഡിസംബർ ആറിനാണ് ദുബൈയിൽ കിട്ടിയത്. ദുബൈയിലെ സഞ്ചാരത്തിനുശേഷം ഒമാനിലേക്ക് പോകാനായിരുന്നു ലക്ഷ്യം. എന്നാൽ, വലതുവശ ഡ്രൈവിങ്ങുള്ള വാഹനത്തിന് അനുമതി ലഭിച്ചില്ല. എമിഗ്രേഷൻ നടപടി പൂർത്തിയാക്കി പാസ്പോർട്ടിൽ സീലും പതിച്ചശേഷമാണ് മടങ്ങേണ്ടിവന്നത്.
തുടർന്നാണ് സൗദിയിൽ എത്തിയത്. ആദ്യ ശ്രമത്തിൽ ഇവിടേക്കും കടക്കാനായില്ല. പിന്നീട് സൗദി അധികൃതരിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് സൗദിയിലെ യാത്ര തുടങ്ങാനായത്. അഞ്ച് ദിവസം മുമ്പാണ് ഇരുവരും ബഹ്റൈനിൽ എത്തിയത്. ബഹ്റൈൻ പര്യടനത്തിനുശേഷം ഖത്തറിലേക്കാണ് ഇവരുടെ യാത്ര.
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വീഡിയോകൾ കണ്ടതാണ് ലോകസഞ്ചാരത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് ഹാഫിസ് പറഞ്ഞു. യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ അദ്ദേഹത്തെയും ക്ഷണിച്ചിരുന്നു. എന്നാൽ, മറ്റൊരു പരിപാടിയുടെ തിരക്കിലായതിനാൽ അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല.
എത്തിച്ചേരുന്ന രാജ്യങ്ങളിലെ സംസ്കാരവും ഭക്ഷണ രീതികളും മനസ്സിലാക്കിയാണ് ഇരുവരും യാത്ര തുടരുന്നത്. യാത്രയിലുടനീളം പ്രവാസികളുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. യാത്രയുടെ വിശേഷങ്ങൾ Unknown destinations 17 എന്ന യൂട്യൂബ് ചാനലിലൂടെ ദിവസവും പങ്കുവെക്കുന്നുമുണ്ട്.
അകത്ത് ആംബുലൻസ് ബെഡ്, പുറത്ത് സ്റ്റിക്കർ എന്നിവയൊഴിച്ചാൽ വാഹനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇവരുടെ ലോക സഞ്ചാരം. യാത്രക്ക് പ്രോത്സാഹനം നൽകാൻ ഒരു സ്പോൺസർ എത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹവും ഈ സഞ്ചാരികൾക്കുണ്ട്.