ഭിന്നതകൾക്കുമേൽ അനുരഞ്ജന സന്ദേശവുമായി ഹമദ് രാജാവ്
text_fieldsബഹ്റൈൻ ഡയലോഗ് ഫോറത്തിെന്റ സമാപന ചടങ്ങിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഫ്രാൻസിസ് മാർപാപ്പ, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവർ എത്തുന്നു
മനാമ: സുസ്ഥിരവും സുരക്ഷിതവുമായ ഒരു ലോകത്ത് ഓരോ മനഷ്യനും അന്തസ്സുറ്റ ജീവിതം നയിക്കാൻ കഴിയുന്ന സാഹചര്യം സംജാതമാക്കുകയെന്ന രാജ്യത്തിന്റെ താൽപര്യത്തോട് ചേർന്നുനിൽക്കുന്ന ലക്ഷ്യങ്ങളാണ് ബഹ്റൈൻ ഡയലോഗ് ഫോറം മുന്നോട്ടുവെക്കുന്നതെന്ന് ഹമദ് രാജാവ് തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കാൻ മതനേതാക്കൾക്കും ബുദ്ധിജീവികൾക്കും പ്രതിഭാശാലികൾക്കും കഴിയുമെന്ന് ബഹ്റൈൻ വിശ്വസിക്കുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സഖീർ പാലസ് മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയിൽ
ഹമദ് രാജാവ് ഫ്രാൻസിസ് മാർപാപ്പക്കും അൽ അസ്ഹർ ഗ്രാൻഡ് ഇമാമിനുമൊപ്പം
ഈ വിശ്വാസമാണ് ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളാൻ രാജ്യത്തിന് പ്രേരണയായത്. സമ്മേളനത്തിലെ സംവാദങ്ങളെയും ഫലപ്രാപ്തിയെയും ഏറെ പ്രതീക്ഷകളോടെയാണ് ബഹ്റൈൻ നോക്കിക്കാണുന്നത്. വ്യത്യസ്ത മതങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുന്നവർക്കിടയിൽ പരസ്പര ധാരണയും അടുപ്പവും സൃഷ്ടിക്കപ്പെടുകയാണ് വിസമ്മതങ്ങൾക്ക് പകരം സമവായം രൂപപ്പെടുത്താനും വിഭാഗീയതകൾക്ക് പകരം ഐക്യം സ്ഥാപിക്കാനുമുള്ള അടിസ്ഥാന ചുവടുവെപ്പ്.
സമൃദ്ധമായ ഒരു ഭാവിയിലേക്ക് നാമെല്ലാവരും കൈകോർത്ത് ഒരുമിച്ച് മുന്നേറുമ്പോൾ റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് സമവായത്തിലെത്തേണ്ടതുണ്ട്. മുഴുവൻ മനുഷ്യരാശിയുടെയും നന്മക്കായി ഗൗരവതരമായ കൂടിയാലോചനകൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ഡയലോഗ് ഫോറം പ്രതിനിധികളുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
സംഘർഷങ്ങൾ അവസാനിപ്പിച്ച് ഐക്യത്തിന്റെ പുലരികളിലേക്ക് ലോകം നീങ്ങണമെന്ന സന്ദേശമാണ് ഫ്രാൻസിസ് മാർപാപ്പ പ്രഭാഷണത്തിൽ നൽകിയത്. മുമ്പെങ്ങുമില്ലാത്തവിധം പരസ്പര ബന്ധിതമായ മനുഷ്യരാശി, ഐക്യപ്പെടുന്നതിനേക്കാൾ ഭിന്നതയിൽ കഴിയുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളെ സമൃദ്ധമാക്കുന്നതിന് പകരം ദുരിതവും മരണവും വിതക്കുന്ന മിസൈലുകളും ബോംബുകളും ആയുധങ്ങളും കൊണ്ടാണ് നാം കളിക്കുന്നത്. അനുരഞ്ജനത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങിയാൽ, ഏകാധിപത്യ, അതിദേശീയതാ നയങ്ങളിൽ ഉറച്ചുനിന്നാൽ, മറ്റുള്ളവരുടെ സംസ്കാരങ്ങളെ മാനിക്കാതിരുന്നാൽ, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സങ്കടങ്ങൾക്ക് ചെവികൊടുക്കാതിരുന്നാൽ ദുരിതങ്ങൾ പെരുകുകയാണ് ചെയ്യുക. സകലരുടെയും നന്മക്കായി പാശ്ചാത്യ, പൗരസ്ത്യ ലോകങ്ങൾ തമ്മിലുള്ള രഞ്ജിപ്പാണ് വേണ്ടത്. പ്രാർഥനയും പരമോന്നതിനിലേക്കുള്ള ഹൃദയങ്ങളുടെ തുറവിയുമാണ് സ്വാർഥതയിൽനിന്നും അനീതികളിൽനിന്നും സങ്കുചിതത്വത്തിൽനിന്നും മോചനം നേടാനുള്ള മാർഗമെന്നും മാർപാപ്പ പറഞ്ഞു. പാശ്ചാത്യ, പൗരസ്ത്യ ലോകങ്ങൾ സഹവർത്തിത്വത്തിൽ കഴിയേണ്ടതിനെക്കുറിച്ചാണ് ഗ്രാൻഡ് ഇമാം സംസാരിച്ചത്.
ബഹ്റൈൻ ഡയലോഗ് ഫോറത്തിെന്റ സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഫ്രാൻസിസ് മാർപാപ്പ ഈന്തപ്പനയുടെ ചുവട്ടിൽ വെള്ളമൊഴിക്കുന്നു
പൗരസ്ത്യദേശത്തിന്റെ ജ്ഞാനം, അതിന്റെ മതങ്ങൾ, അവിടുത്തെ ജനങ്ങൾ വളർത്തിയെടുത്ത ധാർമിക മൂല്യങ്ങൾ, മനുഷ്യനെയും പ്രപഞ്ചത്തെയും സ്രഷ്ടാവിനെയും കുറിച്ചുള്ള സന്തുലിതമായ വീക്ഷണം എന്നിവ പാശ്ചാത്യർക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ലോകത്തിന് പൗരസ്ത്യ ദേശത്തെ വിപണികളും ആഫ്രിക്കയിലെയും ഏഷ്യയിലെയും മറ്റ് സ്ഥലങ്ങളിലെയും അവരുടെ ഫാക്ടറികൾക്കാവശ്യമായ തൊഴിൽശക്തിയും ആവശ്യമാണ്. ഈ രണ്ട് ഭൂഖണ്ഡങ്ങളിലും ആഴത്തിലൊളിഞ്ഞുകിടക്കുന്ന അസംസ്കൃത വസ്തുക്കളില്ലെങ്കിൽ പാശ്ചാത്യർക്ക് ഒന്നും ഉൽപാദിപ്പിക്കാൻ കഴിയില്ല. ഉദാരമനസ്കതക്ക് പ്രതിഫലമായി ദാരിദ്ര്യവും അജ്ഞതയും രോഗവും നൽകുന്നത് ന്യായമോ നീതിയുക്തമോ അല്ല.
ഫ്രാൻസിസ് മാർപാപ്പ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം
അതേപോലെ, തങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായ വികസനത്തിന് പാശ്ചാത്യ സാങ്കേതികവിദ്യകൾ കിഴക്കിന് ആവശ്യമാണ്. വ്യവസായിക, മെഡിക്കൽ, പ്രതിരോധ ഉൽപ്പന്നങ്ങളും മറ്റും പാശ്ചാത്യ വിപണികളിൽനിന്ന് ഇറക്കുമതി ചെയ്യണം. പൗരസ്ത്യലോകത്തിന് പാശ്ചാത്യലോകത്തെക്കുറിച്ച് പുതിയൊരു വീക്ഷണം ആവശ്യമാണ്. പടിഞ്ഞാറിന്റെ നാഗരിക സംസ്കാരങ്ങളെക്കുറിച്ച് സഹിഷ്ണുതാപരമായ ധാരണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.