ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ; മേഖലയിൽ പുതിയ സുരക്ഷാ സാധ്യതകൾ തുറന്നതായി ഹമദ് രാജാവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായ കരാർ മിഡിൽ ഈസ്റ്റിനും ലോകത്തിനും ഒരു സമാധാനത്തിന്റെ ദിനമാണ് നൽകിയതെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസ്താവിച്ചു. ചരിത്രപരമായ ഈ നീക്കം മേഖലയിലെ ജനങ്ങൾക്ക് സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ വാതായനങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സമാധാനത്തെ പിന്തുണക്കുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾക്കും മുൻകൈകൾക്കും ഈ ചരിത്രപരമായ കരാർ ഉറപ്പാക്കുന്നതിൽ അദ്ദേഹം വഹിച്ച നേരിട്ടുള്ള പങ്കിനും രാജാവ് നന്ദി അറിയിച്ചു. ഈ കരാർ മേഖലയിൽ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എസിന്റെ ശക്തമായ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനോട് ബഹ്റൈൻ ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് ഹമദ് രാജാവ് ഉറപ്പിച്ചുപറഞ്ഞു. സമാധാനം എന്നത് തന്ത്രപരമായ തെരഞ്ഞെടുപ്പും മേഖലയിലെ ജനങ്ങൾക്ക് വികസനവും സമൃദ്ധിയും ഉറപ്പാക്കാനുള്ള താക്കോലുമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംഘർഷത്തിലെ എല്ലാ കക്ഷികളും കരാർ വ്യവസ്ഥകൾ പൂർണമായി പാലിക്കുകയും അത് നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് രാജാവ് അടിവരയിട്ടു. ഈ ചരിത്രപരമായ നേട്ടത്തിലേക്ക് നയിച്ച പൊതുവായ അടിത്തറ സ്ഥാപിക്കുന്നതിൽ മധ്യസ്ഥർ നടത്തിയ മഹത്തായ ശ്രമങ്ങളെയും അവരുടെ സുപ്രധാന പങ്കിനെയും രാജാവ് അഭിനന്ദിച്ചു. ഈ കരാർ സംഭാഷണത്തിന്റെ സംസ്കാരം ഏകീകരിക്കുകയും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

