ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തി ഹമദ് രാജാവ്
text_fieldsഈജിപ്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഹമദ് രാജാവിനെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി യാത്രയാക്കുന്നു
മനാമ: ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജ്യത്ത് തിരിച്ചെത്തി. ഈജിപ്തിലെ കെയ്റോയിൽ നടന്ന പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജാവ് മടങ്ങിയത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു.
കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ സമകാലിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇടംപിടിച്ചു. യാത്രയയപ്പ് വേളയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി നേരിട്ടെത്തി രാജാവിന് യാത്രയയപ്പ് നൽകി. യാത്രയ്ക്കുശേഷം ഈജിപ്ഷ്യൻ പ്രസിഡന്റിന് അയച്ച സന്ദേശത്തിൽ, തനിക്കും ഒപ്പമുള്ള സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഹമദ് രാജാവ് നന്ദി അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിലും ഈജിപ്ത് നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഈജിപ്ഷ്യൻ ജനതയ്ക്ക് സമൃദ്ധിയും പുരോഗതിയും ആശംസിച്ചുകൊണ്ട് ബഹ്‌റൈൻ രാജാവ് തന്റെ സന്ദേശം അവസാനിപ്പിച്ചു.
ഹമദ് രാജാവിനൊപ്പം മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും യാത്രസംഘത്തിലുണ്ടായിരുന്നു. ബഹ്റൈനിൽ തിരിച്ചെത്തിയ ഹമദ് രാജാവിനെയും സംഘത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

