ഫലസ്തീനുള്ള ബഹ്‌റൈന്റെ ഉറച്ച നിലപാട് ആവർത്തിച്ച് ഹമദ് രാജാവ്
text_fieldsമുൻ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദറിന് ഹമദ് രാജാവ് ഓർഡർ ഓഫ് ബഹ്‌റൈൻ നൽകി ആദരിക്കുന്നു
മനാമ: ഫലസ്തീനുള്ള ബഹ്‌റൈന്റെ ഉറച്ച നിലപാട് ആവർത്തിച്ച് പറഞ്ഞ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബഹ്റൈനിൽ നിന്ന് കാലാവധി കഴിഞ്ഞു പോകുന്ന ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദറിന് സഫ്രിയ കൊട്ടാരത്തൽ നൽകിയ സ്വീകരണത്തിലാണ് ഹമദ് രാജാവ് നയം വീണ്ടും വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയിൽ ബഹ്‌റൈനും ഫലസ്തീനും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. കൂടാതെ ഈ വേളയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഹമദ് രാജാവ് ടെലിഫോണിൽ സംസാരിച്ചു. സമാധാനപരവും ശാശ്വതവുമായ ഒരു പരിഹാരത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ഹമദ് രാജാവ് ഉറപ്പ് നൽകി.
ബഹ്‌റൈൻ-ഫലസ്തീൻ ബന്ധം മെച്ചപ്പെടുത്താൻ അംബാസഡർ നടത്തിയ ശ്രമങ്ങളെ രാജാവ് അഭിനന്ദിക്കുകയും അദ്ദേഹത്തിന് തുടർന്നും വിജയാശംസകൾ നേരുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച്, അംബാസഡർക്ക് ഓർഡർ ഓഫ് ബഹ്‌റൈൻ (വിസാം അൽ ബഹ്‌റൈൻ), ഫസ്റ്റ് ക്ലാസ് നൽകി ഹമദ് രാജാവ് ആദരിച്ചു.
പുരസ്കാരം ലഭിച്ചതിൽ അംബാസഡർ അഭിമാനം രേഖപ്പെടുത്തി. ഹമദ് രാജാവിന്റെ നേതൃത്വത്തെയും ഫലസ്തീൻ വിഷയത്തോടുള്ള ബഹ്‌റൈന്റെ ഉറച്ച പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഹകരണം വർധിപ്പിക്കാനുമുള്ള രാജാവിന്റെ പ്രതിബദ്ധതയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

