മലേഷ്യൻ രാജാവിനെ സ്വീകരിച്ച് ഹമദ് രാജാവ്
text_fieldsബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും മലേഷ്യൻ രാജാവും കൂടിക്കാഴ്ചക്കിടെ
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്കന്ദറുമായി സഖീർ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ദൃഢവും ആഴത്തിലുള്ളതുമായ ബന്ധങ്ങൾ അവർ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പരനേട്ടത്തിനും സമൃദ്ധിക്കും വേണ്ടി ദ്വിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
പൊതുതാൽപ്പര്യമുള്ള വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുപക്ഷവും ഉറപ്പിച്ചു. തുടർന്ന് ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത വിപുലമായ ചർച്ചായോഗം നടന്നു. ഈ ചരിത്രപരമായ സന്ദർശനം ബഹ്റൈനും മലേഷ്യയും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മലേഷ്യൻ രാജാവിനെയും സംഘത്തെയും സ്വാഗതം ചെയ്തുകൊണ്ട് ഹമദ് രാജാവ് പറഞ്ഞു. സഹിഷ്ണുത, തുറന്ന സമീപനം, മതപരമായ വൈവിധ്യം, സ്ത്രീകളുടെ അവകാശങ്ങൾ, സമാധാനം, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന പൊതുവായ മൂല്യങ്ങൾ ഹമദ് രാജാവ് എടുത്തുപറഞ്ഞു.
ഗസ്സയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും പൊതുവായ നിലപാട് അദ്ദേഹം അടിവരയിട്ടു. മാനുഷിക സഹായം എത്തിക്കാനും പുനർനിർമാണം നടത്താനും മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനുള്ള ഏക വഴിയായ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ബഹ്റൈന്റെ ഊഷ്മളമായ ആതിഥേയത്വത്തിന് സുൽത്താൻ ഇബ്രാഹിം അഗാധമായ നന്ദി രേഖപ്പെടുത്തി. വീട്ടിൽ നിന്ന് അകലെയാണെങ്കിലും ഈ മനോഹരമായ രാജ്യത്ത് എനിക്ക് ദൂരെയെന്ന് തോന്നുന്നില്ല, ബഹ്റൈൻ എനിക്ക് വീട് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ മലേഷ്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പങ്കാളിയാണ്. ബഹ്റൈന്റെ വിഷൻ 2030ന് അനുസൃതമായി ഞങ്ങൾ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ കാത്തിരിക്കുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

