ബഹ്റൈൻ ജനതയുടെ ഐക്യത്തെ പ്രകീർത്തിച്ച് ഹമദ് രാജാവ്
text_fieldsസഫ്രിയ പാലസ് മസ്ജിദിൽ പ്രാർഥനക്കെത്തിയ രാജാവ്
മനാമ: ബഹ്റൈൻ ജനതയുടെ ഐക്യത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും പ്രകീർത്തിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന ദിവസമായ റബിഉൽ അവ്വൽ 12ന് സഫ്രിയ പാലസ് മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിന്റെ ദേശീയ നേട്ടങ്ങൾ സംരക്ഷിക്കാൻ ഈ ഐക്യബോധം സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
സുരക്ഷയും സ്ഥിരതയും ഉൾപ്പെടെ ബഹ്റൈനിനുള്ള അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇവ പുരോഗതിയുടെ അടിസ്ഥാനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പ്രവാചകന്റെ കാരുണ്യം, സാഹോദര്യം, ഐക്യം എന്നിവയുടെ സന്ദേശം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. ഭിന്നതകൾ ഉപേക്ഷിക്കാനും നല്ല ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം പറഞ്ഞു.
രാജാവിനോടൊപ്പം അദ്ദേഹത്തിന്റെ മക്കളും രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും നമസ്കാരത്തിൽ പങ്കെടുത്തു. സുന്നി എൻഡോവ്മെന്റ്സ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് അൽ ഹജരിയാണ് ഖുതുബ നിർവഹിച്ചത്. പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഹിസ് മജസ്റ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന് സുരക്ഷയും സമൃദ്ധിയും സ്ഥിരതയും തുടർന്നും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

