പാർലമെന്റിനും ശൂറ കൗൺസിലിനും ഹമദ് രാജാവിന്റെ പ്രശംസ
text_fieldsമനാമ: രാജ്യത്തിനും പൗരന്മാരുടെ താൽപര്യങ്ങൾക്കും മുൻഗണന നൽകുന്നതിലുള്ള ബഹ്റൈൻ പാർലമെന്റിന്റെയും ശൂറ കൗൺസിലിന്റെയും പ്രവർത്തനങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു.രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും പിന്തുണ നൽകുന്നതിൽ ഇരുസഭകളും കാഴ്ചവെച്ച ശ്രദ്ധേയമായ നേട്ടങ്ങളെയും രാജാവ് അഭിനന്ദിച്ചു.ആറാം നിയമനിർമാണ കാലയളവിലെ മൂന്നാം സമ്മേളനത്തിന്റെ വാർഷിക റിപ്പോർട്ടുകൾ സഫ്രിയ പാലസിൽ വെച്ച് രാജാവിന് സമർപ്പിക്കാനെത്തിയപ്പോഴാണ് അദ്ദേഹം പ്രശംസ അറിയിച്ചത്.
പാർലമെന്റ് സ്പീക്കർ അഹമ്മദ് മുസല്ലം ഹമദ് രാജാവിന് റിപ്പോർട്ട് കൈമാറുന്നു
പാർലമെന്റ് സ്പീക്കർ അഹമ്മദ് മുസല്ലമും ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും ചേർന്നാണ് റിപ്പോർട്ടുകൾ കൈമാറിയത്. ഇരു കൗൺസിലുകളുടെയും ഡെപ്യൂട്ടി ചെയർപേഴ്സൻമാരും സന്നിഹിതരായിരുന്നു. നിയമനിർമാണ, മേൽനോട്ടപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻകാല വിജയങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നതിനും ലക്ഷ്യമിട്ടുള്ള റിപ്പോർട്ടുകളിലെ ക്രിയാത്മകമായ ആശയങ്ങളെ രാജാവ് അഭിനന്ദിച്ചു. ബഹ്റൈന്റെ നേട്ടങ്ങൾക്കായി എക്സിക്യുട്ടിവ്, നിയമനിർമാണ വിഭാഗങ്ങൾ തമ്മിലുള്ള തുടർ ഏകോപനത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്ക് പൗരന്മാർ നൽകുന്ന സംഭാവനകളിലും, രാജ്യത്തിന്റെ നേതൃത്വവും ആഗോളനിലയും ശക്തിപ്പെടുത്തുന്നതിലെ അവരുടെ സമർപ്പണത്തിലും രാജാവ് അഭിമാനം രേഖപ്പെടുത്തി. ബഹ്റൈൻ ഒരുമിച്ച് നിൽക്കുകയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും തുറന്ന മനസ്സോടെയുള്ള സമീപനത്തിന്റെയും വിളക്കുമാടമായി തുടരുമെന്നും ഹമദ് രാജാവ് കൂട്ടിച്ചേർത്തു. രാജാവിന്റെ പ്രശംസക്കും തുടർപിന്തുണക്കും ചെയർമാൻമാർ അദ്ദേഹത്തോട് നന്ദി അറിയിച്ചു. എല്ലാ നിയമനിർമാണപരമായ നേട്ടങ്ങളും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളുടെയും പ്രോത്സാഹനത്തിന്റെയും ഫലമാണെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. തുടർച്ചയായ സഹകരണത്തിലൂടെയും നേട്ടങ്ങളിലൂടെയും രാജ്യത്തെയും പൗരന്മാരെയും സേവിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അൽ മുസല്ലമും അൽ സാലിഹും ആവർത്തിച്ചു.
രാജകീയ പ്രസംഗം, കൗൺസിലിന്റെ മറുപടി, കമ്മിറ്റി പ്രവർത്തനങ്ങൾ, കരട് നിയമങ്ങൾ, ബജറ്റുകൾ, മന്ത്രിതല ചോദ്യങ്ങൾ എന്നിവ ഉൾപ്പെടെ പ്രധാന നേട്ടങ്ങൾ ശൂറ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്ററി നയതന്ത്ര പ്രവർത്തനങ്ങളും ജനറൽ സെക്രട്ടേറിയറ്റിന്റെ നേട്ടങ്ങളും ഇതിൽ വിശദമാക്കുന്നു.നിയമനിർമാണ, മേൽനോട്ടപരമായ പ്രവർത്തനങ്ങൾ, പാർലമെന്ററി നയതന്ത്ര ഇടപെടലുകൾ, പൊതുജനങ്ങൾക്കായുള്ള പരിപാടികൾ എന്നിവയുൾപ്പെടെ പ്രധാന നേട്ടങ്ങളാണ് പാർലമെന്റിന്റെ വാർഷിക റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

