മുഹറഖിന്റെ ചരിത്രപരമായ പങ്കിനെ പ്രശംസിച്ച് ഹമദ് രാജാവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ബഹ്റൈന്റെ ചരിത്രപരമായ വളർച്ചയിൽ മുഹറഖ് വഹിച്ച നിർണായക പങ്കിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. മുഹറഖ് നിവാസികളുടെ കൂറും അർപ്പണബോധവും രാജ്യത്തിന്റെ പുരോഗതിക്കും സാംസ്കാരിക വികസനത്തിനും നൽകിയ സംഭാവനകളും രാജാവ് എടുത്തുപറഞ്ഞു.
നഗരത്തിന്റെ പൈതൃക സമ്പന്നതയും തനിമയും മാനുഷിക പാരമ്പര്യവും ഉൾക്കൊള്ളുന്ന സാംസ്കാരിക പശ്ചാത്തലത്തെയും അദ്ദേഹം പ്രത്യേകം ശ്രദ്ധയിൽപെടുത്തി. ആഭ്യന്തര മന്ത്രിയും പൗരത്വ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതിയുടെ മന്ത്രിതല സമിതിയുടെ ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ മുഹറഖ് സന്ദർശനം ഹമദ് രാജാവ് അഭിനന്ദിച്ചു.
സന്ദർശനത്തിൽ മുഹറഖ് പൗരന്മാർ പ്രകടിപ്പിച്ച ആത്മാർഥമായ രാജ്യസ്നേഹത്തെയും അചഞ്ചലമായ കൂറിനെയും രാജാവ് പ്രശംസിച്ചു. ഇത് അവരുടെ ആഴത്തിൽ വേരൂന്നിയ പൈതൃകത്തെയും രാജ്യത്തോടും നേതൃത്വത്തോടുമുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ മറ്റ് പ്രദേശങ്ങളെപ്പോലെ മുഹറഖും വീട്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രധാന വികസനപദ്ധതികളിൽനിന്ന് പ്രയോജനം നേടുന്നതായി രാജാവ് സ്ഥിരീകരിച്ചു. നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ തനിമയെ മാനിച്ചുകൊണ്ട് നിലവിലുള്ള വികസനപദ്ധതികൾ പുരോഗമിക്കുകയാണ്.
പ്രധാന പദ്ധതികൾ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമദ് രാജാവിന്റെ തുടർച്ചയായ പരിഗണക്കും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളുടെയും വികസനത്തിലുള്ള പ്രതിബദ്ധതയിലും മുഹറഖ് ഗവർണർ സൽമാൻ ബിൻ ഹിന്ദി മുഹറഖ് നിവാസികൾക്ക് വേണ്ടി അഗാധമായ നന്ദി പറഞ്ഞു. മുഹറഖ് ഡെവലപ്മെന്റ് പ്രോജക്റ്റ് ഒരു വർഷത്തിൽ കവിയാത്ത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള രാജാവിന്റെ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

