ബി.ഡി.എഫിന് പ്രശംസയുമായി ഹമദ് രാജാവ്
text_fieldsസഫ്രിയ കൊട്ടാരത്തിൽ വെച്ച് ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഹമദ് രാജാവുമായി കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) സമർപ്പണത്തെയും ധീരതയെയും പ്രശംസിച്ച് സായുധസേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ.
സഫ്രിയ കൊട്ടാരത്തിൽ വെച്ച് ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം സൈനികരുടെ സേവനങ്ങളെ അഭിനന്ദിച്ചത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷൽ ഓപറേഷൻസ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ബി.ഡി.എഫ് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും രാജ്യത്തോടുള്ള കൂറിനെയും ദേശീയ കടമകളോടുള്ള അവരുടെ പ്രതിബദ്ധതയെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
ബഹ്റൈനും അവിടത്തെ ജനങ്ങൾക്കും അഭിമാനമാണ് ബി.ഡി.എഫ് സൈനികരെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളും സമഗ്രമായ പുരോഗതിയും സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് നടത്തുന്ന ശ്രമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
മറ്റ് രാജ്യങ്ങളുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്റൈന്റെ താൽപര്യവും അദ്ദേഹം ആവർത്തിച്ചു.
ബി.ഡി.എഫിലെ എല്ലാ ഉദ്യോഗസ്ഥർക്കും, നോൺ-കമീഷൻഡ് ഓഫിസർമാർക്കും മറ്റ് സൈനികർക്കും തന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാൻ ഹമദ് രാജാവ് ബി.ഡി.എഫ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവരുടെ തുടർവിജയങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

