ഗ്രീക്ക് സന്ദർശനം വിജയകരം; കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്
text_fieldsമനാമ: ഗ്രീസിലെ വിജയകരമായ ഔദ്യോഗിക സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
ഗ്രീസ് പ്രസിഡന്റ് കോൺസ്റ്റന്റൈൻ താസൗലാസ്, പ്രധാനമന്ത്രി കിരിയാക്കോസ് മിസോതാക്കിസ് എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഉപകരിക്കുമെന്ന് ഹമദ് രാജാവ് പറഞ്ഞു. തനിക്കും കൂടെയുള്ള പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും ഗ്രീസ് പ്രസിഡന്റിന് രാജാവ് നന്ദി അറിയിച്ചു.
കൂടിക്കാഴ്ചയിൽ ബഹ്‌റൈനിലെ ആഭ്യന്തര വിഷയങ്ങളും രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. രാജ്യ പുരോഗതിക്കായി കിരീടാവകാശി നടത്തുന്ന സമർപ്പിത ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.
സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കൈവരിച്ച മികച്ച വികസന നേട്ടങ്ങളെയും അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനത്തെയും രാജാവ് അഭിനന്ദിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും ബഹ്‌റൈന്റെ ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയ രാജാവ്, സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ദേശീയ ഐക്യം, സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും രാജ്യ നിർമ്മാണപരമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാന തത്വമായിരിക്കണമെന്ന് രാജാവ് ഓർമ്മിപ്പിച്ചു. പ്രദേശിക സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു വെല്ലുവിളിയെയും നേരിടാൻ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവർ കാണിക്കുന്ന സന്നദ്ധതയെയും വീര്യത്തെയും രാജാവ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

