രാജ്യത്തിന്റെ ഭാവിക്ക് വ്യക്തമായ രൂപരേഖ നൽകി ഹമദ് രാജാവ്
text_fieldsദേശീയ അസംബ്ലിയുടെ ആറാം നിയമനിർമാണ കാലയളവിലെ നാലാം സെഷൻ ഉദ്ഘാടനം
ചെയ്യാനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കിരീടാവകാശി പ്രിൻസ് സൽമാൻ സമീപം
മനാമ: ദേശീയ അസ്തിത്വം, സാമ്പത്തിക വൈവിധ്യവത്കരണം, ആഗോള ഇടപെടൽ എന്നിവയിൽ അധിഷ്ഠിതമായ ബഹ്റൈന്റെ ഭാവിക്കായുള്ള വ്യക്തമായ രൂപരേഖ അവതരിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കഴിഞ്ഞദിവസം ഇസ കൾചറൽ സെന്ററിൽ നടന്ന ദേശീയ അസംബ്ലിയുടെ ആറാം നിയമനിർമാണ കാലയളവിലെ നാലാം സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പൊലീസ് അകമ്പടിയോടെയാണ് ഹമദ് രാജാവിന്റെ വാഹനവ്യൂഹം അങ്കണത്തിലേക്ക് കടന്നെത്തിയത്. നാഷനൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ദേശീയഗാനത്തിനുശേഷം ഹമദ് രാജാവ് പ്രധാന കോൺഫറൻസ് ഹാളിലേക്ക് പ്രവേശിച്ചു. അവിടെ വിശുദ്ധ ഖുർആൻ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
ശൂറാ കൗൺസിലിന്റെയും പാർലമെന്റിന്റെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, നിയമനിർമാണ സഭയുടെ പ്രകടനത്തെ പ്രശംസിച്ചു. ശരിഅ, കൂടിയാലോചന, നീതി, പാരമ്പര്യം എന്നിവയിൽ വേരൂന്നിയ ബഹ്റൈന്റെ ഇസ്ലാമിക, ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള സഭയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ശ്രേഷ്ഠമായ തത്ത്വങ്ങൾ ഇന്നും നമ്മളുടെ ജീവിതരീതിയുടെയും പരമാധികാരം സംരക്ഷിക്കുന്ന സംസ്കാരത്തിന്റെയും അവിഭാജ്യഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ ഭരണപരമായ പാരമ്പര്യം പൂർവികർ സ്ഥാപിച്ച കാഴ്ചപ്പാടിന്റെ തുടർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ധാർമിക മൂല്യങ്ങളുടെയും യഥാർഥ ആചാരങ്ങളുടെയും പ്രാധാന്യം ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. മതഭ്രാന്ത്, വിദ്വേഷം, ബാഹ്യ വിധേയത്വങ്ങൾ എന്നിവയെ തിരസ്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്റൈനി സമൂഹത്തിലെ എല്ലാ ഘടകങ്ങൾക്കിടയിലും ഐക്യവും രാജ്യത്തിന്റെ തനതായ അസ്തിത്വത്തിന്റെ സംരക്ഷണവും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവ ബഹ്റൈനികളുടെ പങ്കിന് പ്രത്യേക ശ്രദ്ധ നൽകി. ബഹ്റൈനി ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തെയും മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള തന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ യുവജന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നടത്തുന്ന നിലവിലുള്ള ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.കൂടാതെ യുവ ബഹ്റൈനികൾക്ക് വിപുലമായ തൊഴിലവസരങ്ങൾ നൽകുന്ന, കിരീടാവകാശി പ്രഖ്യാപിച്ച പുതിയ ദേശീയ തൊഴിൽസംരംഭത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. വിദേശനയത്തിന്റെ കാര്യത്തിൽ, മേഖലയിലെ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ പ്രശ്നം മുന്നോട്ടുകൊണ്ടുപോകുന്നതിനും അദ്ദേഹം പ്രത്യേക ഊന്നൽ നൽകി.
സമാധാന ശ്രമങ്ങൾക്ക് സൗകര്യമൊരുക്കുന്നതിൽ ഡോണൾഡ് ട്രംപിന്റെ പങ്ക് പ്രത്യേകമായി പ്രശംസിച്ച ഹമദ് രാജാവ് അന്താരാഷ്ട്ര മധ്യസ്ഥശ്രമങ്ങളെ അഭിനന്ദിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ബഹ്റൈന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

