ബഹ്റൈനും ഒമാനും തമ്മിലുള്ള ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച് ഹമദ് രാജാവ്
text_fieldsഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ
ഒമാൻ ആഭ്യന്തര മന്ത്രിയുമായി സഫ്രിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി
മനാമ: ഒമാനുമായുള്ള ദീർഘകാല ബന്ധത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിമാനം പ്രകടിപ്പിച്ചു. സഹകരണം മെച്ചപ്പെടുത്താനുള്ള പരസ്പര പ്രതിബദ്ധതയിലൂടെ ഈ ബന്ധങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഫ്രിയ കൊട്ടാരത്തിൽ വെച്ച് ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹമദ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഒമാൻ മന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്.
സുരക്ഷാമേഖലയിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും ഏകോപനവും സംയുക്ത പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സന്ദർശനങ്ങൾക്കുള്ള പ്രാധാന്യം രാജാവ് എടുത്തുപറഞ്ഞു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പങ്ക് ഹമദ് രാജാവ് പ്രശംസിച്ചു. ഒമാന്റെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും സുൽത്താൻ വഹിക്കുന്ന പങ്ക് അദ്ദേഹം അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ, അടുത്തിടെ നടന്ന പ്രാദേശിക സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള വിഷയങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

